സീമ മോഹൻലാൽ
ആഴക്കടലിൽ അപകടത്തിൽപ്പെട്ടുപോയ മത്സ്യതൊഴിലാളി. കോസ്റ്റ്ഗാർഡിന്റെ അറിയിപ്പിനെത്തുടർന്ന് പ്രാണരക്ഷാർഥം കേഴുന്ന ഇയാൾക്കു മുകളിലായി നാവികസേനയുടെ ചേതക് ഹെലികോപ്ടർ വട്ടമിട്ടു പറന്നു. നിമിഷങ്ങൾക്കകം കടൽ നിരപ്പിനോട് ഏറെ ചേർന്ന് ചേതക്കിന്റെ പൈലറ്റ് ലഫ്.കമാൻഡർ നവീൻ ആസാദ് ഹെലികോപ്ടർ നിയന്ത്രിച്ചു നിർത്തിക്കൊണ്ട് വടം താഴേക്കിട്ടു കൊടുത്തു.
ആ വടത്തിൽ പിടിച്ച് മത്സ്യത്തൊഴിലാളിയെ മെല്ലെ മുകളിലേക്ക് ഉയർത്തി. തുടർന്ന് കോസ്റ്റ്ഗാർഡിന്റെ കപ്പലായ സാരഥിയുടെ ഹലോ ഡെക്കിലേക്ക് (ഹെലികോപ്ടർ ഇറങ്ങാനുള്ള സ്ഥലം) ചേതക്ക് ഇറക്കി. മത്സ്യത്തൊഴിലാളിക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടർ പറന്നുയർന്നു.
നാവിക വാരാചരണത്തിന്റെ ഭാഗമായി 20 നോട്ടിക്കൽ മൈൽ (37 കിലോ മീറ്റർ) അകലെ നാവികസേന നടത്തിയ മോക്ഡ്രിൽ നാവികസേനയുടെ കടലിലെ രക്ഷാ പ്രവർത്തനത്തിന്റെ കരുത്തു തെളിയിച്ചു. കൊച്ചിയിലെ മാധ്യമപ്രവർത്തകർക്കായി നാവികസേനയുടെ ഐഎൻഎസ് സുനയന എന്ന യുദ്ധക്കപ്പലിലാണ് ആഴക്കടൽ യാത്ര ഒരുക്കിയത്.
കൊച്ചി തീരത്തുനിന്ന് ഐഎൻഎസ് സുനയന അറബിക്കടലിന്റെ ആഴങ്ങളിലേക്ക് പുറപ്പെടുന്പോൾ ഇത്രയെല്ലാം വിസ്മയം നാവികസേന ഒരുക്കിയിരിക്കുന്നുവെന്ന് ഒട്ടു പ്രതീക്ഷിച്ചില്ല.
ഐഎൻഎസ് സുനയന
ഇന്ത്യ സ്വന്തമായി ഗോവ ഷിപ്യാർർഡിൽ 2013 ൽ നിർമിച്ച സുനയന തീര പട്രോളിങ് കപ്പലാണ്. കടയിലെ രക്ഷാ പ്രവർത്ത നങ്ങൾക്കു പുറമേ വിവിധ പ്രതിരോധ പ്രവർത്തനങ്ങളിലും സുപ്രധാന പങ്കു വഹിക്കുന്നു. ഹെലി കോപ്ടറുകൾ ഇറങ്ങാവുന്ന സൂപ്പർ റാപിഡ് ഗണ് മൗണ്ടും എ.കെ. 60 മെഷീൻ ഗണ്ണുകളുമുള്ള സുനയന ഗൾഫിലെ ഈദനിൽ കടൽ കൊള്ളക്കാരെ നേരിട്ടും പാക്കിസ്ഥാൻ ചെറുകപ്പലുകൾ വഴിയുള്ള ലഹരിമരുന്നു കടത്തു പിടികൂടിയും അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.
രാഷ്ട്രപതിക്ക് സമ്മതപത്രം
രാവിലെ എട്ടരയ്ക്ക് ഐഎൻഎസ് സുനയനയിലേക്ക് കയറുന്പോൾ നിറപുഞ്ചിരിയുമായാണ് നാവികർ ഞങ്ങൾ സ്വീകരിച്ചത്. തുടർന്ന് കൈയിലേക്ക് ഒരു കടലാസ് തന്നു. “ഈ കടൽയാത്രയിൽ എനിക്കെന്തെങ്കിലും അപകടമോ മരണം തന്നെ സംഭവിച്ചാലോ എനിക്കോ എന്റെ ബന്ധുക്കൾക്കോ യാതൊരുവിധ നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന സമ്മതം അറിയിക്കുന്നു.’ ഇന്ത്യൻ രാഷ്ട്രപതിക്കായി നൽകുന്ന ഈ സമ്മതപത്രം വായിച്ചപ്പോൾ ആദ്യമൊരു പേടിയും കൗതുകവുമൊക്കെ തോന്നി.
എന്നാൽ ഏറെ വൈകുംമുന്പേ ഇതുകണ്ട് ആരും പേടിക്കേണ്ടായെന്ന് നാവികസേന പിആർഒ കമാൻഡർ ശ്രീധർ വാര്യരുടെ അറിയിപ്പ് എത്തി. നാവികസേനയുടെ യുദ്ധക്കപ്പലിൽ സഞ്ചരിക്കുന്നവർ രാഷ്ട്രപതിക്ക് ഒപ്പിട്ട് നൽകേണ്ട സമ്മതപത്രമാണിതെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് ലൈഫ് ജാക്കറ്റിന്റെ ഉപയോഗം വ്യക്തമാക്കിക്കൊണ്ട് ലഫ്.കമാൻഡർ അക്ഷയ്കുമാർ രാജ എത്തി.
അങ്ങനെ കപ്പൽ കൊച്ചി തീരത്തുനിന്ന് പതുക്കെ യാത്ര തുടങ്ങി. കപ്പൽ തീരം വിട്ടയുടൻ ഫോഴ്സ് പ്രൊട്ടക്ഷൻ മെഷറിന്റെ ഭാഗമായി ചെറു ബോട്ടിൽ സേനയുടെ സംഘം വട്ടമിട്ടു. ഒപ്പം ഫാസ്റ്റ് ഇന്റർസെപ്ഷൻ ക്രാഫ്റ്റ് അപായങ്ങൾ പരിശോധിച്ച് ആഴക്കടൽവരെ സുനയനയ്ക്ക് അകന്പടി വന്നു. ഭീകരാക്രമണ സാധ്യത തടയാൻ പരിശോധനയും സൂചനയുമായി സേനാ ബോട്ടുകൾ വട്ടമിട്ടു. ആഴക്കടലിൽ കോസ്റ്റ് ഗാർഡിന്റെ കപ്പൽ യുദ്ധക്കപ്പലിനു സഹായമേകാൻ ഉണ്ടായിരുന്നു.
ഭീതിയുണർത്തി കടൽക്കൊള്ളക്കാർ
പുറംകടലിൽ വച്ച് അപ്രതീക്ഷിതമായിരുന്നു ആ കടൽക്കൊള്ളക്കാരുടെ വരവ്. കപ്പലുമായി ആശയ വിനിനമയം നടത്തി, പരിശോധനക്ക് അനുമതി കിട്ടിയശേഷം നേവി കമാൻഡോകൾ സാഹസികമായി കപ്പലിൽ കയറിയത്. സാരഥി എന്ന ചെറിയ ബോട്ടിൽ നിന്ന് ഇരച്ചിക്കയറിയ ആ ഏഴംഗ കമാൻഡോ സംഘം കപ്പലിനു ചുറ്റും സഞ്ചരിച്ചാണ് അകത്തു കയറിയത്.
ഐഎൻഎസ് സുനയനയെ ചൈനയുടെ ചരക്കുകപ്പലായി കണ്ടാണ് അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്. വലിയ മെഷീൻ ഗണ്ണുമായിട്ടാണ് അവർ ഇരച്ചുകയറിയത്. ക്യാപ്ടനെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു രേഖകളുടെ പരിശോധന. വിശദമായ പരിശോധനയിൽ നിരോധിച്ച വസ്തുക്കളും മറ്റും കപ്പലിൽ ഇല്ലെന്നു കണ്ട് കമാൻഡോകൾ ക്ലിയറൻസ് നൽകി. തുടർന്ന് അവർ കടലിലേക്കുതന്നെ മടങ്ങിപ്പോയി.
റെപ്ലനിഷ്മെന്റ് അറ്റ് സീ
അത്യാവശ്യഘട്ടങ്ങളിൽ ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് ആളുകളെയോ ആയുധങ്ങളോ സാധനങ്ങളോ കൈമാറുന്ന രീതിയാണിത്. കപ്പലുകൾ നിർത്താതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്പോഴായിരുന്നു ഈ അഭ്യാസപ്രകടനം.
സുനയനയ്ക്ക് വലതുഭാഗത്തായി സാരഥിയും ഇടതുഭാഗത്തായി തീറും. സമാന്തരമായി നീങ്ങുന്ന കപ്പലുകൾക്കിടയിലെ ദൂരം 36 മീറ്റർ മാത്രം.
സുനയനയിൽ നിന്ന് തീറിലേക്കാണ് ആളുകളെ കൈമാറിയത്. ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് വെടിയുർത്തശേഷം കയർ എറിഞ്ഞു കൊടുക്കും. കയറുകൾ പരസപ്രം ബന്ധിപ്പിച്ച ശേഷം ആദ്യം ഭാരക്കട്ടികൾ കൊണ്ട് കയറിന്റെ ബലപരിശോധന നടത്തി. തുടർന്ന് ഒരു നാവികൻ തീറിൽ നിന്ന് കയറിലൂടെ തൂങ്ങി സുനയനയിലെത്തി. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ നിന്ന് നറുക്കിട്ടെടുത്ത നിഥിനും സിബിയും ഈ അഭ്യാസപ്രകടനത്തിൽ പങ്കാളികളായി.
തീപിടിത്തം ഉണ്ടായാൽ അണയ്ക്കാനുള്ള കോസ്റ്റ് ഗാർഡിന്റെ സംവിധാനവും വിസ്മയമായിരുന്നു.
ഐഎൻഎസ് സുനയന, ഐഎൻഎസ് തീർ, കോസ്റ്റ് ഗാർഡിന്റെ സാരഥി, നേവിയുടെ പായ്ക്കപ്പലായ സുദർശിനി, ചേതക് ഹെലികോപ്റ്റർ, ഡോർണിയർ വിമാനം എന്നിവ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു.
മികവുതെളിയിച്ച് നാവിക ഉദ്യോഗസ്ഥർ
നേവി ചീഫ് സ്റ്റാഫ് ഓഫീസർ കമാൻഡർ ദീപക് കുമാർ തയാറാക്കിയ ഓപ്പറേഷൻ ആണ് പ്രാവർത്തികമാക്കിയത്. ഐഎൻഎസ് സുനയന കപ്പലിന്റെ ക്യാപ്ടൻ രോഹിത് ബാജ്പേ, ഐഎൻഎസ് തീർ ക്യാപ്റ്റൻ വരുണ് സിങ് മഹാവീർ ചക്ര, സുനയന എക്സിക്യൂട്ടീവ് ഓഫീസർ സെക്കൻഡ് ലെഫ്റ്റനന്റ് കമാൻഡർ അക്ഷയ് കുമാർ രാജ തുടങ്ങിയവർ നയിച്ചു. ദക്ഷിണ നാവിക സേന വക്താവ് കമാൻഡർ ശ്രീധർ വാര്യർ മുഖ്യ സംയോജകനായി. വൈകിട്ട് ബർത്തിൽ നങ്കുരമിട്ട കപ്പലിൽ ദേശീയപതാക താഴ്ത്തുന്ന രംഗവും വികാര തീവ്രമായിരുന്നു.