കോട്ടയം: അറബിക്കടലിൽ ഇക്കൊല്ലത്തെ നാലാമത്തെ ചുഴലിക്കൊടുങ്കാറ്റ് വരുന്നു. നാളെ ഉച്ചയ്ക്കുശേഷം ലക്ഷദ്വീപിനു സമീപത്താകും മഹ എന്ന പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് രൂപം കൊള്ളുക. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കു രൂപം കൊണ്ട ന്യൂനമർദമാണു വടക്കു പടിഞ്ഞാറോട്ടു നീങ്ങി ചുഴലിക്കൊടുങ്കാറ്റാകുന്നത്.
അതീവ തീവ്ര ചുഴലിക്കൊടുങ്കാറ്റ് (200 കിലോമീറ്ററിലേറെ വേഗമുള്ള കാറ്റ്) ആയി മാറിയ ക്യാർ ചുഴലിക്കൊടുങ്കാറ്റ് അവസാനിക്കും മുന്പാണു മറ്റൊന്ന് അറബിക്കടലിൽ രൂപം കൊള്ളുന്നത്.
ജൂൺ മുതലുള്ള നാലാമത്തേതാണ് ഇത്. ജൂൺ പത്തിനാരംഭിച്ചു 19-ന് അവസാനിച്ച “വായു ’’ഗുജറാത്തിൽ മൂന്നുലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാൻ നിമിത്തമായി. മാലദ്വീപിനടുത്തു തുടങ്ങിയ ഇതു ഗുജറാത്തിൽ കരയ്ക്കടിഞ്ഞപ്പോഴേക്കു ദുർബലമായിരുന്നു.സെപ്റ്റംബർ 23-ന് വടക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ഹിക്ക ചുഴലി ഒമാനിൽ കരയ്ക്കടിഞ്ഞു തീർന്നു. കഴിഞ്ഞയാഴ്ച തുടങ്ങിയ ക്യാർ ചുഴലിക്കൊടുങ്കാറ്റ് ഒമാന്റെ തീരത്തെ സമീപിച്ചിട്ട് ആഫ്രിക്കൻ തീരത്തേക്കു നീങ്ങുകയാണ്.
അറബിക്കടലിൽ സാധാരണ ചുഴലിക്കൊടുങ്കാറ്റുകൾ കുറവാണ്. വർഷം ഒന്നോ രണ്ടോ ആണു പതിവ്. 2010-18 കാലത്തു പന്ത്രണ്ടും 2000-09 കാലത്ത് അഞ്ചും 1990-99 കാലത്ത് ആറും ചുഴലിക്കൊടുങ്കാറ്റുകളേ അറബിക്കടലിൽ ഉണ്ടായിട്ടുള്ളൂ. അതേ സമയം ബംഗാൾ ഉൾക്കടലിൽ മിക്ക വർഷവും അഞ്ചും ആറും ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്.എന്നാൽ ഈ വർഷം നില മാറി. അറബിക്കടലിൽ നാലെണ്ണം ഉണ്ടായപ്പോൾ ബംഗാൾ ഉൾക്കടലിൽ ഒന്നു മാത്രം – ഫാനി.
ഈ മാറ്റത്തിനു കാരണം ഇന്ത്യൻ ഓഷൻ ഡൈപോൾ (ഐഒഡി) എന്ന പ്രതിഭാസമാണ്. ഇന്ത്യാ സമുദ്രത്തിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ സമുദ്ര താപനിലയിലെ വ്യത്യാസമാണ് ഐഒഡി കൊണ്ട് ഉദ്ദേശിക്കുന്നത്.
പടിഞ്ഞാറു ഭാഗത്തുള്ള (ആഫ്രിക്കൻ തീരം) ചൂടു കൂടുകയും കിഴക്ക് (ഇന്ത്യോനേഷ്യൻ പ്രദേശം) ചൂടു കുറയുകയും ചെയ്യുന്നത് ഇന്ത്യയടക്കം ദക്ഷിണേന്ത്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കൻ മേഖലയിലും മഴയെ സ്വാധീനിക്കുന്നു. ഈ വർഷം ഐഒഡി വളരെ ഉയർന്ന തോതിലാണ്. തന്മൂലമാണ് അറബിക്കടലിൽ കൂടുതൽ ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടായത്.
ജൂണിൽ ഉണ്ടായ ചുഴലിങ്കൊടുങ്കാറ്റ് കാലവർഷ മഴ ആദ്യ ആഴ്ചകളിൽ ദുർബലമാക്കാൻ കാരണമായി. എന്നാൽ പിന്നീടുവന്നവ കൂടുതൽ മഴ നല്കുകയും കാലവർഷത്തിന്റെ പിൻവാങ്ങൽ ഒക്ടോബറിലേക്കു നീട്ടുകയും ചെയ്തു. ഇന്ത്യയിലും മറ്റും മഴ കൂടുതൽ ലഭിച്ചപ്പോൾ ഓസ്ട്രേലിയയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്ക് ഐഒഡി കാരണമായി.