ജയ്പുർ: രാജ്യത്തെ വിവിധ കായിക സംഘടനകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ സ്പോർട്സ് കോഡ് തയാറായി. എന്നാൽ, കേന്ദ്ര കായിക മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്ന സ്പോർട്സ് കോഡിനോട് മുഖംതിരിച്ചിരിക്കുകയാണ് കായിക സംഘടനകൾ.
സ്പോർട്സ് കോഡിലെ ചില നിർദേശങ്ങളാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഉൾപ്പെടെയുള്ള കായിക സംഘടകളുടെ എതിർപ്പിനു വഴിവയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സ്പോർട്സ് കോഡ് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ, വിവിധ കാരണങ്ങളാൽ ഇതുവരെ നടപ്പിൽവരുത്താൻ സാധിച്ചില്ല.
സംഘടനയുടെ തലപ്പത്തുള്ളവർക്ക് 70 വയസിൽ കൂടരുതെന്ന നിബന്ധന മിക്ക കായിക സംഘടനകളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, അധികാരത്തിൽ 12 വർഷത്തിൽകൂടുതൽ കാലം ഇരിക്കരുതെന്ന നിബന്ധന അംഗീകരിക്കാൻ സംഘടനകൾ ഒരുക്കമല്ല. അന്താരാഷ്ട്രതലത്തിൽ പത്ത് മുതൽ 20വരെ വർഷത്തെ ബന്ധത്തിലൂടെയേ നിരവധി കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.
ഇടയ്ക്കിടെ പുതിയ മുഖങ്ങളെ അയച്ചാൽ അത് ഗുണകരമാവില്ലെന്ന് ഐഒഎ വൃത്തങ്ങൾ പ്രതികരിച്ചു. കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാർ, ബ്യൂറോക്രാറ്റുകൾ എന്നിവരെ പ്രതിഷ്ഠിക്കരുതെന്നും സ്പോർട്സ് കോഡിൽ ഉണ്ട്.
2009 മുതൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് ആയി തുടരുന്ന പ്രഫുൽ പട്ടേൽ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ അമിത് ഷാ എംപി, ഇന്ത്യൻ ബാഡ്മിന്റണ് അസോസിയേഷൻ അധ്യക്ഷനും ആസാം മന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമ തുടങ്ങിയവരുടെ സ്ഥാനങ്ങൾ തെറിക്കും. എന്നാൽ, ഇവരുടെ സ്ഥാനത്യാഗത്തിലേക്ക് കാര്യങ്ങൾ നീങ്ങില്ലെന്നാണ് സംഘടനകളുമായി അടുത്ത ബന്ധമുള്ളവരുടെ റിപ്പോർട്ട്.
രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമാണ് സാന്പത്തിക സഹായം സംഘടകളിൽ എത്തിക്കുന്നതെന്നാണ് പ്രധാന വാദം. സർക്കാരിൽനിന്ന് ഏതെങ്കിലും ടൂർണമെന്റിനു പരമാവധി 20 ലക്ഷം രൂപ വരെയെ ലഭിക്കൂ. എന്നാൽ, രണ്ട് കോടിവരെ ചെലവുണ്ടെന്നും സംഘടനകൾ വാദിക്കുന്നു.
നിർദേശങ്ങളും മറുവാദങ്ങളും
നിർദേശം: സംഘടനകളുടെ തലപ്പത്തുള്ളവർക്ക് പരമാവധി 12 വർഷകാലയളവ്.
മറുവാദം: പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർക്കുമാത്രമേ 12 വർഷ കാലയളവ് പാടുള്ളൂ. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്ക്
കാലപരിധി പാടില്ല.
നിർദേശം: രാഷ്ട്രീയക്കാർ, ബ്യൂറോക്രാറ്റുകൾ എന്നിവർ തലപ്പത്ത് പാടില്ല.
മറുവാദം: അവരില്ലെങ്കിൽ ആര് ഫണ്ട് കൊണ്ടുവരും?
നിർദേശം: സർക്കാർ സിഇഒമാരെ നിയമിക്കും.
മറുവാദം: സർക്കാരിന്റെ സിഇഒമാർ സെലക്ഷനിലും സംഘടനയ്ക്കു കീഴിലുള്ള മറ്റു കാര്യങ്ങളിലും ഇടപെടരുത്.