രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് അമേരിക്കക്കാരനായ സോഷ്യോളജി പ്രഫസർ ഫൈവ് സ്റ്റാർ പദവി നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ തമാശയായി..!
ഇന്ത്യന്‍ റെയില്‍വേയുടെ സര്‍വീസിനെക്കുറിച്ച് ഇന്ത്യാക്കാർക്ക് അത്ര നല്ല അഭിപ്രായമൊന്നുമല്ലല്ലോ..! ട്രെയിനിലെ ഭക്ഷണത്തെപ്പറ്റിയാണെങ്കിൽ പറയുകയും വേണ്ട.
നിലവാരമില്ലാത്ത ഭക്ഷണം ലഭിക്കുന്നതുകൊണ്ട് ട്രെയിന്‍ യാത്രയിൽ വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നവരാണ് അധികവും.
ഇതിനിടയിലാണ് അമേരിക്കക്കാരനായ സാല്‍വത്തോര്‍ ബാബോണ്‍സ് എന്ന പ്രഫസര്‍ ഇന്ത്യൻ റെയില്‍വേയിലെ കാറ്ററിംഗ് ടീം വിളമ്പിയ ഭക്ഷണത്തിന് “ഫൈവ് സ്റ്റാര്‍’ നല്‍കിയത്.
ഫോട്ടോ സഹിതമുള്ള സായ്പിന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു. ഭക്ഷണത്തിന്റെ മാത്രമല്ല, കാറ്ററിംഗ് ജീവനക്കാരനോടൊപ്പമുള്ള ചിത്രവും സാല്‍വത്തോര്‍ പങ്കുവച്ചിരുന്നു.
സിഡ്നി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്‍സ് രാജധാനി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
“ഇത് ഇന്ത്യന്‍ റെയില്‍വേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ്! എന്നു തുടങ്ങുന്ന കുറിപ്പും ചിത്രത്തോടൊപ്പം പ്രഫസര്‍ പങ്കുവച്ചു.
ഐസ്ക്രീം സൗജന്യമായി ലഭിച്ചെന്നും പറയുന്നു. കേന്ദ്രറെയില്‍മന്ത്രി അശ്വിനി വൈഷ്ണവിനെയും കുറിപ്പില്‍ പുകഴ്ത്തി.
പ്രഫസറുടെ കുറിപ്പ് നെഗറ്റീവ് തരംഗമാണു സൃഷ്ടിച്ചതെന്നു പറയേണ്ടിവരും. ട്വീറ്റ് ചെയ്തു മണിക്കൂറിനുള്ളില്‍ രാജധാനിയിലെ മോശം അനുഭവങ്ങളെക്കുറിച്ചുള്ള കമന്റുകളുടെ ഘോഷയാത്രയായിരുന്നു.
അക്ഷരാര്‍ഥത്തില്‍ പ്രഫസറെ പൊങ്കാലയിടുകയായിരുന്നു. “നിങ്ങള്‍ ഭക്ഷണം ആസ്വദിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം.
ഭക്ഷണത്തിന്റെ വില ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഐസ്ക്രീം സൗജന്യമായിരുന്നില്ല…’ എന്നായിരുന്നു ഒരു കമന്റ്.
മറ്റു ചിലര്‍ രാജധാനി എക്സ്പ്രസിനെ മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യരുതെന്നും കമന്റ് ചെയ്തു. ട്രെയിനിൽ അനുഭവിക്കേണ്ടിവന്ന മോശം സാഹചര്യങ്ങളെക്കുറിച്ചാണ് കമന്റുകളേറെയും പങ്കുവച്ചത്.
അടുത്തിടെ വന്ദേ ഭാരത് ട്രെയിനില്‍ വിളമ്പിയ വട പിഴിഞ്ഞ് എണ്ണയെടുത്ത ചിത്രങ്ങളും വീഡിയോയും ചിലർ പങ്കുവച്ചു.