കൊല്ലം: കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ (16349/50) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറി. രാത്രി സർവീസ് നടത്തുന്ന ഈ ട്രെയിനിൽ നിന്ന് നിലവിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണം കുറയ്ക്കാനുള്ള റെയിൽവേ നടപടി യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
ഈ ട്രെയിനിൽ എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് സെക്കൻഡ്് ക്ലാസ് ജനറൽ കോച്ചുകളുമാണ് നിലവിൽ ഉള്ളത്. ഇതിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം ആറായി കുറയ്ക്കാനും പകരം ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുമാണ് റെയിൽവേ തീരുമാനം എടുത്തത്. 19 മുതൽ ഇത് പ്രാബല്യത്തിൽ വരുമെനായിരുന്നു ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്.
ഈ തീരുമാനം റെയിൽവേ പുതുക്കിയ നോട്ടിഫിക്കേഷനിലൂടെ ഇന്നലെയാണ് പിൻവലിച്ചത്. കോച്ച് കോമ്പോസിഷന്റെ കാര്യത്തിൽ തൽസ്ഥിതി തുടരും. ഈ ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുന്നത് സംബന്ധിച്ചും ഇക്കാര്യത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ് എന്നതിനെ കുറിച്ചും ഈ മാസം എട്ടിന് രാഷ്ട്രദീപിക വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.