തൃശൂർ: ട്രാക്കുകളിൽ അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നതിനിടെ ട്രെയിൻതട്ടി മരിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുന്പോഴും സുരക്ഷയ്ക്കായി ആവിഷ്കരിച്ച “രക്ഷക്’ എന്ന വാക്കിടോക്കി സംവിധാനം നടപ്പാക്കാതെ റെയിൽവേ.ആയിരക്കണക്കിനു യാത്രികരുടെ ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ ട്രാക്കുകളിൽ ജോലിയെടുക്കുന്നവർക്കു “രക്ഷക്’ സംവിധാനം നൽകണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്.
2008 മുതൽ നൽകുമെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും ദക്ഷിണറെയിൽവേയ്ക്കു കീഴിൽ പദ്ധതി നടപ്പാക്കിയിട്ടില്ല. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്പോൾ ട്രെയിൻ വരുന്നത് അറിയാനും സുരക്ഷിത അകലത്തിലേക്കു മാറാനും ഈ സംവിധാനത്തിലൂടെ കഴിയും. ട്രെയിൻ വരുന്നതിനനുസരിച്ച് ലൈറ്റുകൾ തെളിയുന്നതിനൊപ്പം മുന്നറിയിപ്പുശബ്ദം പുറപ്പെടുവിക്കാനും വോക്കിടോക്കിക്കു കഴിയും.
ട്രാക്കിൽ വിള്ളലുണ്ടായാൽ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഉപകരണവും ഇരുന്പുചുറ്റികയും മറ്റ് ഉപകരണങ്ങളുമായി നിത്യേന അഞ്ചു കിലോമീറ്ററിലേറെ കീമാൻമാർ സഞ്ചരിക്കുന്നുണ്ട്. ഇവർ ജീവൻ പണയംവച്ചാണു തൊഴിലെടുക്കുന്നത്. ഗതാഗതസാന്ദ്രതയുള്ള കേരളത്തിൽ കീമാൻമാരുടെ ജോലിഭാരവും കൂടുതലാണ്. ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ “രക്ഷക്’ സംവിധാനം മുൻപേ നടപ്പാക്കിയിരുന്നു.
എന്നാൽ, കയറ്റിറക്കങ്ങളിലും ടണലുകളിലും വലിയ വളവുകളിലും രണ്ടു ലൈനുകളിൽ കൂടുതലുള്ള ഇടങ്ങളിലും ഇവ കൃത്യമായി പ്രവർത്തിക്കാറില്ല എന്നതു ചൂണ്ടിക്കാട്ടിയാണു പൂർണമായി നടപ്പാക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.2019 മുതൽ 2023 വരെയുള്ള അഞ്ചുവർഷത്തിനിടെ 361 തൊഴിലാളികളുടെ ജീവനാണു ട്രാക്കിൽ പൊലിഞ്ഞത്.
നാലുവർഷത്തിനിടെ ഇരുപതോളം കീമാൻമാരുജെ ജീവൻ തിരുവനന്തപുരം ഡിവിഷനിൽമാത്രം നഷ്ടമായി. അപകടങ്ങൾ ഇല്ലാതാക്കാൻ റെയിൽവേ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി സമരങ്ങൾക്കു നേതൃത്വം നൽകിയയാളും കഴിഞ്ഞദിവസം ട്രെയിൻതട്ടി മരിച്ചു.
തൃശൂർ വടൂക്കര എസ്.എൻ നഗർ ചന്ദ്രിക ലെയ്നിൽ ഉത്തമനാണു മരിച്ചത്. ട്രെയിനിന്റെ എൻജിനടിയിൽ കുടുങ്ങിയ ഉത്തമൻ തൽക്ഷണം മരിച്ചു. ഇടുങ്ങിയ സ്ഥലത്തുണ്ടായ അപകടമുണ്ടായതിനാൽ പെട്ടെന്നു മാറിനിൽക്കാനാവാഞ്ഞതാണ് അപകടകാരണമെന്നു കരുതുന്നു. തൃശൂരിൽതന്നെ രണ്ടുവർഷം മുൻപ് ഒരാൾ മരിക്കുകയും മറ്റൊരാൾക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
സി.എസ്. ദീപു