ന്യൂഡൽഹി: യാത്രക്കാർക്ക് വീട്ടുപടിക്കൽ ടിക്കറ്റ് എത്തിച്ചുനല്‍കുന്ന പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) തുടക്കമിട്ടു. ടിക്കറ്റ് കൈപ്പറ്റിയശേഷം മാത്രം പണം നല്കിയാൽ മതി എന്നതാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
ഓണ്‍ലൈനായി യാത്രക്കാർ ബുക്ക് ചെയ്യുന്ന ടിക്കറ്റാണ് വീട്ടിൽ എത്തിച്ചു നല്‍കുക. ഐആർസിടിസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പേമെന്റ് ഓപ്ഷനിൽ പേ ഓണ്‍ ഡെലിവറി നല്കിയാൽ ടിക്കറ്റ് വീട്ടുപടിക്കലെത്തുമെന്ന് ഐആർസിടിസി അറിയിച്ചു. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്പോൾ വണ്‍ ടൈം രജിസ്ട്രേഷൻ ആവശ്യമാണ്. യാത്രക്കാരൻ തന്റെ ആധാർ അല്ലെങ്കിൽ പാൻ കാർഡ് വിവരങ്ങൾ നല്‍കുകയും വേണം.
5000 രൂപ വരെയുള്ള നിരക്കിന് 90 രൂപ വില്പന നികുതിയായി നല്‍കണം. 5000 രൂപയ്ക്കു മുകളിലാണെങ്കിൽ 120 രൂപയാണ് വില്പന നികുതി. ടിക്കറ്റ് കൈപ്പറ്റുന്നതിനു മുന്‍പ് കാൻസൽ ചെയ്താൽ കാൻസലേഷൻ, ഡെലിവറി ചാർജുകൾ നല്കാൻ യാത്രക്കാരൻ ബാധ്യസ്ഥനാണെന്നും ഐആർസിടിസി അറിയിച്ചു.
രാജ്യത്തെ 600 സിറ്റികളിലായി 4000 പിൻകോഡുകളിൽ ഈ സംവിധാനം ലഭ്യമാണ്. യാത്രയ്ക്ക് അഞ്ചു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്താൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.