മൃഗശാലയുമായി ബന്ധപ്പെട്ട് നിരവധി കൗതുകവാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങള്‍ ഒരേസമയം കൗതുകവും, ഭയവും ഉണര്‍ത്തുന്നതാണ്.
സിംഹം,കടുവ മുതലായ മൃഗങ്ങളുടെ കൂടിനടുത്ത് എപ്പോഴും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുന്നും. എന്നാല്‍ എങ്ങാനും ഇവ കൂടു പൊളിച്ച് വെളിയില്‍ ചാടിയാല്‍ എന്താവും അവസ്ഥ.
യുഎസിലെ ഒമാഹയിലെ ഹെന്റി ഡോര്‍ലി മൃഗശാലയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്.
കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദര്‍ശകര്‍ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
ജോന്തു എന്ന ഇന്ത്യന്‍ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയില്‍ എത്തിയത്.
തുടര്‍ന്ന് സന്ദര്‍ശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു.
അതേസമയം ഈ കോലാഹലമെല്ലാം നടക്കുമ്പോഴും കാണ്ടാമൃഗം അതൊന്നും ശ്രദ്ധിക്കാതെ പ്രദേശത്തെ പുല്ലില്‍ മേഞ്ഞു നടക്കുകയായിരുന്നു. അത് മറ്റിടങ്ങളില്‍ അലഞ്ഞുതിരിയാതിരിക്കാന്‍ ജീവനക്കാര്‍ ട്രക്കുകള്‍ ഉപയോഗിച്ച് പ്രതിരോധം തീര്‍ത്തു.
സ്റ്റാഫ് അംഗങ്ങള്‍ ഭക്ഷണം കാണിച്ചും മറ്റ് തന്ത്രങ്ങള്‍ പയറ്റിയും മൃഗത്തെ അതിന്റെ കൂട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. ആവശ്യമെങ്കില്‍ അവസാന ആശ്രയമായി ഉപയോഗിക്കാന്‍ മയക്ക് വെടികളും വെറ്റുകള്‍ കരുതിയിരുന്നു.
എന്നിട്ടും ഏകദേശം 50 മിനിറ്റോളം അത് പുറത്തായിരുന്നു. ഒടുവില്‍ പുറത്തെ കാഴ്ചകള്‍ കണ്ട് മടുത്തപ്പോള്‍ അത് തിരികെ കൂട്ടിലേക്ക് പോവുകയും ചെയ്തു.
സംഭവത്തില്‍ ഭാഗ്യവശാല്‍ മൃഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാലും, ഇത്തരമൊരു കാര്യം വീണ്ടും സംഭവിക്കാതിരിക്കാന്‍, കാണ്ടാമൃഗത്തെ കണ്ടെത്തിയ തുറന്ന പ്രദേശം കൊട്ടിയടക്കുമെന്ന് മൃഗശാല പറഞ്ഞു.
ജോന്തു ശരിയായി പൂട്ടിയിട്ടില്ലാത്ത കൂടിന്റെ വാതില്‍ തന്റെ മൂക്ക് ഉപയോഗിച്ച് തുറന്നുവെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. അവന് രക്ഷപ്പെട്ട വാതിലിന്റെ പൂട്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.