മുംബൈ: രൂപ ഇടിഞ്ഞ് പാതാളത്തിലേക്ക്. രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ത്തന്നെ ഡോളറിനെതിരേ രൂപയുടെ വിനിമയമൂല്യം 73.34ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ ഇപ്പോള്‍ 73.34 നല്കണമെന്നര്ഥം. ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയുന്നതിനു കാരണം. ഇത് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണുള്ളത്. ഇനിയും രൂപയുടെ ഇടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞയാഴ്ച 73.26ലായിരുന്നു രൂപ. എന്നാല്‍ തിങ്കളാഴ്ച അത് 72.91ലേക്ക് ഇടിഞ്ഞു.
ദിര്‍ഹവുമായുള്ള വിനിമയനിരക്ക് 20 കടന്നുഅതേസമയം, യുഎഇ. ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. ഇതോടെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും.കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു.
ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 എന്ന നിലയിലേക്ക് എത്തി. ഒടുവില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നതുപോലെ നിരക്ക് 20 രൂപ കടന്നു.അസംസ്കൃതഎണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
അമേരിക്ക-ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയനിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ടായിട്ടുണ്ട്.എന്നാല്‍, രൂപയുടെ മൂല്യമിടിഞ്ഞതിനാല്‍ നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകും. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ഊഹവും രൂപയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
കോട്ടയം: രൂപയുടെ ഇടിവ് സ്വര്‍ണവിലയിലും പ്രതിഫലിച്ചു. വലിയ വർധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചത് പവന് 23,200 രൂപ എന്ന നിലയ്ക്കാണ്. 2900 രൂപയാണ് ഗ്രാമിന് വില. മിനിയാന്ന് സ്വര്‍ണത്തിന്റെ വില പവന് 22,760 രൂപയായിരുന്നു. രണ്ടു ദിവസംകൊണ്ട് വര്‍ധിച്ചത് 440 രൂപയാണ്. അതേസമയം, ഇന്ന് പെട്രോള്‍ വിലയില്‍ വര്‍ധനയില്ല.
കമ്മി കൂടും, രൂപ വീഴും
രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി ഇനമാണു ക്രൂഡ് ഓയിൽ. രാജ്യത്തെ ആവശ്യത്തിന്റെ 82 ശതമാനവും ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇറക്കുമതി വർധിക്കുന്പോൾ വ്യാപാരകമ്മി കൂടും. കഴിഞ്ഞ കുറേ വർഷങ്ങളിൽ വ്യാപാര കമ്മി കുറവായിരുന്നു.
അപ്പോൾ ഐടി അടക്കമുള്ള സേവനമേഖലയിലെ കയറ്റുമതിവരുമാനം കൊണ്ട് ആ കമ്മി നികത്താമായിരുന്നു. രാജ്യത്തിന്റെ സാധാരണ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ടിൽ ചെറിയ കമ്മിയേ തന്മൂലം ഉണ്ടായിരുന്നുള്ളൂ. അതു വിദേശ മൂലധനനിക്ഷേപം കൊണ്ടു നികത്താമായിരുന്നു.
പക്ഷേ, ഇത്തവണ സ്ഥിതി അതല്ല. വിദേശ നിക്ഷേപകർ പണം പിൻവലിക്കുകയാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 62,000 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഓഹരി-കടപ്പത്ര വിപണികളിൽനിന്നു പിൻവലിച്ചത്.
കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.8 ശതമാനമാകും എന്നാണു കഴിഞ്ഞമാസം തുടക്കത്തിൽ കരുതിയത്. ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു.
ക്രൂഡ് ഇറക്കുമതി കുറയുന്നില്ലെങ്കിൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ മൂന്നു ശതമാനത്തിലധികമാകും. ഈ ഭീതിയിലാണു രൂപയുടെ വിനിമയ നിരക്ക് താഴുന്നത്. ഇന്നലെ കന്പോളം ഇല്ലായിരുന്നു. ക്രൂഡ് ഓയിൽ 85 ഡോളർ കടന്നതിന്റെ പ്രതികരണം ഇന്നേ വിപണിയിൽ ഉണ്ടാകൂ. ഡോളർ 73 ഡോളറിനു മുകളിലേക്കു നീങ്ങും.