ന്യൂഡൽഹി: കറൻസി റദ്ദാക്കലിനെത്തുടർന്ന് പഴയ നോട്ടുകൾ ബാങ്കിലേക്ക് ഒഴുകിയപ്പോൾ പിഴയായി സമാഹരിച്ചത് 6000 കോടി രൂപ. കള്ളപ്പണം കണ്ടെത്തുന്നതിനായി രൂപികരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വൈസ് ചെയർമാൻ അർജിത് പസായത് അറിയിച്ചതാണ് ഇക്കാര്യം.
കറൻസി റദ്ദാക്കിയതിനു പിന്നാലെ വലിയ തുകകൾ നിക്ഷേപിച്ചവരിൽനിന്നു മാത്രം ഈടാക്കിയ പിഴത്തുകയാണ് 6000 കോടി. 50 ലക്ഷം രൂപയ്ക്കു മുകളിൽനിക്ഷേപിച്ചവർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയെങ്കിലും 1,092 പേർ ഇതുവരെ മറുപടി നല്കാത്തവരായിട്ടുണ്ട്.
വലിയ തുകകൾ നിക്ഷേപിച്ച എല്ലാ അക്കൗണ്ടുകളും എസ്ഐടി പരിശോധിച്ചുവരികയാണ്. ജൻ ധൻ അക്കൗണ്ടുകളിൽ വന്ന നിക്ഷേപങ്ങൾ പരിശോധിക്കാൻ സമയം വേണ്ടിവരുമെന്നും അർജിതിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 60 ശതമാനം പിഴയായി നല്കണമെന്നുള്ള തീരുമാനം ഇനി 75 ശതമാനമാക്കും.