കുണ്ടറ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ അഭിപ്രായപ്പെട്ടു. കുണ്ടറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മാടൻകാവ് ആംഗൻവാടിക്കുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴൊക്കെ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ഇപ്പോഴത്തെ സർക്കാർ ഓരോ കുട്ടിയും ഓരോ സ്കൂളും ഓരോ പ്രദേശവും മികവിലേയ്ക്ക് കൊണ്ടുവരാനുള്ള പരിശ്രമമാണ് നടത്തിവരുന്നത്. രാജ്യത്തിന്റെ സന്പത്ത് നമ്മുടെ കുട്ടികളാണെന്ന് അവർ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കഴിഞ്ഞാൽ അടുത്ത പരിഗണന വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നൽകുക എന്നതാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീടുണ്ടാക്കി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജൂലിയറ്റ് നെൽസണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് ജോർജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സിന്ധുരാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സതീഷ്കുമാർ ഉണ്ണിത്താൻ, ഉഷാശശിധരൻ, ജി.ജയലക്ഷ്മി, എസ്.ശ്രീകല, ഐസിഡിഎസ് സൂപ്പർവൈസർ എ.ഗ്രേസി എന്നിവർ പ്രസംഗിച്ചു.