
ചന്ദ്രനിലേക്ക് ഒരുനാള്‍ മനുഷ്യര്‍ കുടിയേറുമെന്നാണ് ഒട്ടുമിക്ക ശാസ്ത്രപ്രേമികളും വിശ്വസിക്കുന്നത്. അക്കാലത്ത് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവു കുറഞ്ഞ പദ്ധതി വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ഭാവിയില്‍ ഇത്തരം കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
പരസ്പരം ബന്ധമില്ലാത്ത ജീവശാസ്ത്രവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ഒരുമിക്കുകയാണ് ഇവിടെയെന്നും ഗവേഷകര്‍ പറയുന്നു.
രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.
മനുഷ്യന്റെ മൂത്രത്തില്‍ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിര്‍മാണങ്ങള്‍ നടത്താമെന്നാണ് ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നു.
ഇതിലൂടെ ചെലവ് വളറെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറില്‍ നിന്ന് വേര്‍തിരിക്കുന്ന പശയാണ് ഉപയോഗിക്കുക. ഭാവിയില്‍ ഇത്തരം നിര്‍മിതികള്‍ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ഇത്തരം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒന്ന് സ്പോറോസാക്കറിന പാസ്റ്റെയുറില്‍ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യൂറിയ, കാല്‍സ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഉത്പാദിപ്പിക്കുന്നത്.
ചന്ദ്രനിലെ മണ്ണില്‍ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കും. ഇതിലേക്ക് യൂറിയ, കാല്‍സ്യം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കും. ഇതിന്റെ കൂടെ ബലം കൂട്ടുന്നതിനായി അമരപ്പയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പശയും ചേര്‍ക്കും. ഇത്തരത്തില്‍ നിര്‍മിച്ചെടുക്കുന്ന പദാര്‍ഥത്തെ ഏതു രൂപത്തിലേക്കും മാറ്റാനാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സ്പോറോസാക്കറിന പാസ്റ്റെയുറില്‍ എന്ന ബാക്ടീരിയയ്ക്ക് ചെലവ് വളരെ കൂടുതലാണ്. ഇതിന് പകരമായി ഗവേഷകര്‍ കണ്ടെത്തിയത് ബാസിലസ് വെലെസെന്‍സിസ് എന്നയിനം ബാക്ടീരിയകളെയാണ്. ഇവ ഇന്ത്യയിലെ മണ്ണില്‍ കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വളര്‍ത്താന്‍ സാധിക്കുന്നവയുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണത്തിനാണ് ഇവരുടെ പദ്ധതി.