കോവിഡ് വാക്സിന് വാങ്ങാന്‍ മത്സരിച്ച് രാജ്യങ്ങള്‍. വാക്സിന് വാങ്ങാന്‍ ധാരണയിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.
മൂന്നു കമ്പനികളില്‍ നിന്നായി 160 കോടി ഡോസ് വാക്സിന് ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തി.
പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം.
150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു സംവിധാനം നേരിടുന്ന വെല്ലുവിളി.
കോവിഡ് വാക്സിന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്സ്ഫഡ് വാക്സീന്, റഷ്യയുടെ സ്പുട്നിക്, യുഎസ് കമ്പനിയായ നോവാവാക്സിന്റെ വാക്സീന് എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്.
ഇതിനു പുറമേ കോവാക്സിനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വിവരം.
320 കോടി ഡോസിനുള്ള നിരക്കു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 100 കോടി ഡോസ് വാങ്ങാനാണ് യുഎസ് കരാറിലെത്തിയത്. 150 കോടി ഡോസ് കൂടി വാങ്ങാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന് 150 കോടി ഡോസ് ഉറപ്പാക്കി. കാനഡയും ഓസ്ട്രേലിയയും അടക്കം രാജ്യങ്ങള്‍ ജനസംഖ്യയുടെ അനേകം ഇരട്ടിപ്പേര്‍ക്ക് നല്‍കാനുള്ള വാക്സീനാണ് വാങ്ങിക്കൂട്ടുന്നത്.
മിക്ക വാക്സീനുകളും രണ്ടു ഡോസ് വേണമെന്നിരിക്കെ ഇന്ത്യയില്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ സമയമെടുക്കും.
‘കോവാക്സ്’ പദ്ധതി പ്രതീക്ഷിച്ച ഫലം നല്‍കാതെ വന്നാല്‍ പ്രതിസന്ധി 2024 വരെയെങ്കിലും നീണ്ടേക്കാം.
എന്നാല്‍ പിന്നാക്ക രാജ്യങ്ങളില്‍ എങ്ങനെ വാക്സിന് ലഭ്യമാക്കുമെന്നതാണ് ആശങ്ക. മുമ്പ് വന്ന പല മഹാമാരികളിലും പിന്നാക്ക രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായത് സമാനമായ ദാരിദ്ര്യമാണ്.