പഠിച്ചു മിടുക്കരാവുമെന്ന് അച്ഛനു നല്കിയ ഉറപ്പു പാലിക്കാന്‍, ഉറിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ എസ്.കെ. വിദ്യാര്‍ഥിയുടെ മക്കള്‍ ഇന്നലെ ബിഹാറിലെ ഗയയില്‍ സ്കൂള്‍ പരീക്ഷയെഴുതി. ആരതി, അന്‍ഷു, അന്‍ഷിക എന്നിവരാണു ഗയയിലെ ഡിഎവി പബ്ലിക് സ്കൂളില്‍ പരീക്ഷയെഴുതിയത്. കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് പരീക്ഷയെഴുതിയതെന്നു പ്രിന്‍സിപ്പല്‍ എ.കെ. ജന പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് അച്ഛന്‍ അവസാനമായി വീട്ടിലെത്തിയതെന്ന് ആരതി പറഞ്ഞു. പഠിച്ചു മിടുക്കിയാവണമെന്നായിരുന്നു അന്ന് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ ആ സ്വപ്നം ഞങ്ങള്‍ സാക്ഷാത്കരിക്കും. ഇന്നലെ സ്കൂള്‍ അധികൃതര്‍ ഒരുക്കിയ അനുശോചന യോഗത്തില്‍ കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ പഠനത്തിനുള്ള സൗകര്യമൊരുക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാണെന്നു ഡിഎവി സ്കൂളുകളുടെ ഗയ മേഖല ഡയറക്ടര്‍ യു.വി. പ്രസാദ് പറഞ്ഞു. വീരമൃത്യു വരിച്ച സൈനികനു ഭാര്യയും നാലു കുട്ടികളുമാണുള്ളത്.