കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില് പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന് സൈനികര്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില് (എല്ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില് നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന് സൈന്യം പിടികൂടിയത്.
പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല് കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്. ഞങ്ങളുടെ ടീമിലെ അംഗങ്ങള് അയാള്ക്ക് മൂന്ന് കുപ്പി രക്തം നല്കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില് ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില് ഏതാനും ആഴ്ചകള് വേണ്ടിവരും,” ബ്രിഗേഡിയര് രാജീവ് നായര് എഎന്ഐയോട് പറഞ്ഞു.
‘ഓപ്പറേഷന് സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള് അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന് ആവശ്യമായ കാര്യങ്ങള് ചെയ്തു’ രാജീവ് നായര് പറഞ്ഞു.
രക്തിനല്കി അവനെ രക്ഷിക്കാന് സഹായിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തുവെന്ന് ബ്രിഗേഡിയര് രാജീവ് നായര് കൂട്ടിച്ചേര്ത്തു.
‘ഞങ്ങള് ഒരിക്കലും അവനെ ഒരു തീവ്രവാദിയായി കരുതിയിരുന്നില്ല. അവന്റെ ജീവന് രക്ഷിക്കാന് മറ്റേതൊരു രോഗിയെയും പോലെ ഞങ്ങള് അവനെ സഹായിച്ചു. ചാവേറാകാന് വന്നിട്ടും സ്വന്തം രക്തം തന്നത് ഇന്ത്യന് ആര്മി ഉദ്യോഗസ്ഥരുടെ മഹത്വം. വളരെ അപൂര്വ രക്തഗ്രൂപ്പായ ഒ നെഗറ്റീവ് ആയിരുന്നു തബാറക് ഹുസൈന്റേത്,’ അദ്ദേഹം പറഞ്ഞു.
ചാവേറാക്രമണ ദൗത്യം നടത്തുന്നതിന് പാകിസ്ഥാന് കേണല് യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നല്കിയതായി ഹുസൈന് സൈന്യത്തോട് വെളിപ്പെടുത്തി.
നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില് കഴിയുന്ന കാശ്മീര് ആസ്ഥാനമായുള്ള ഒരു കേന്ദ്രത്തില് നിന്ന് വാര്ത്താ ഏജന്സിയായ എഎന്ഐയോട് തബാറക് ഹുസൈന് സംസാരിച്ചു.
മറ്റ് നാലഞ്ച് പേരോടൊപ്പമാണ് ഇന്ത്യന് അതിര്ത്തി കടക്കാന് ശ്രമിച്ചതെന്ന് ഇയാള് വെളിപ്പെടുത്തി.
ട്വിറ്ററില് പങ്കിട്ട ഒരു വീഡിയോയില്, താനും മറ്റ് തീവ്രവാദികളും ചേര്ന്ന് ഇന്ത്യന് പോസ്റ്റുകള് ആക്രമിക്കാന് ശ്രമം നടത്തിയതായി ഹുസൈന് സമ്മതിക്കുന്നത് കാണാം.
പാക് അധീന കാശ്മീരിലെ കോടിയിലെ സബ്സ്കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈന്.
തീവ്രവാദവുമായുള്ള തന്റെ ദീര്ഘകാല ബന്ധം ഏറ്റുപറഞ്ഞ ഹുസൈന്, പാകിസ്ഥാന് ആര്മിയിലെ മേജര് റസാഖില് നിന്നാണ് തനിക്ക് പരിശീലനം ലഭിച്ചതെന്ന് പറഞ്ഞു.
”ഞാന് ആറ് മാസത്തെ പരിശീലനത്തിന് വിധേയനായി, ലഷ്കര്-ഇ-തൊയ്ബ (എല്ഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) അംഗങ്ങള്ക്കായി നിരവധി (പാകിസ്ഥാന് സൈന്യം നടത്തുന്ന) നിരവധി (ഭീകരവാദ) ക്യാമ്പുകള് സന്ദര്ശിച്ചു,” ഹുസൈന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.