കൊച്ചി: ഒളിന്പിക്സിലേക്ക് കായികതാരങ്ങളെ കണ്ടെത്തുന്നതിനായി നാഷണൽ യൂത്ത് കോ-ഓപറേറ്റീവ് സൊസൈറ്റി (എൻവൈസിഎസ്) ഗെയിലിന്റെ സഹകരണത്തോടെ നടത്തുന്ന ഇന്ത്യൻ സ്പീഡ് സ്റ്റാർ മൂന്നാം സീസണിന്റെ സംസ്ഥാനതല സെലക്ഷൻ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനം ഒളിന്പ്യൻ ടി.സി. യോഹന്നാൻ നിർവഹിച്ചു.
2020ലെയും 2024ലെയും ഒളിന്പിക്സുകളിലേക്ക് അത്ലറ്റിക് വിഭാഗത്തിൽ മത്സരിക്കുന്നതിന് പരിശീലനം നൽകുന്നതിനാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രാഥമിക റൗണ്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സംസ്ഥാനതല സെലക്ഷനിൽ മാറ്റുരച്ചത്.
14 വയസിൽ താഴെയുള്ളവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ആർ. രമ്യ, 17 വയസിൽ താഴെയുള്ളവരുടെ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ സ്വദേശി ആൻസി സോജൻ, ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി മസൂദ്, തിരുവനന്തപുരം സ്വദേശി അഖിൽ ബാബു, 400 മീറ്ററിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശികളായ എ.എസ്. സാന്ദ്ര, ഗൗരിനന്ദ, തൃശൂർ സ്വദേശി ടി.എസ്. ജംസീൽ, ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി നന്ദു മോഹൻ എന്നിവരും യോഗ്യത നേടി.
സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ ദേശീയതല സെലക്ഷനിൽ പങ്കെടുക്കും. ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന അത്ലറ്റുകളെ കേന്ദ്രസർക്കാർ തുടർ പരിശീലനത്തിനായി ജമൈക്കയിലെ റേസേഴ്സ് ട്രാക്ക് ക്ലബിൽ അയയ്ക്കും. എൻവൈസിഎസ് വൈസ് പ്രസിഡന്റ് വി. മുരളീധരൻ, സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് ഗോപാൽ, സോണൽ കോ-ഓർഡിനേറ്റർ മങ്കേഷ്, അർജുന അവാർഡ് ജേതാവ് ജോർജ് തോമസ്, അമച്വർ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി മെന്പർ ടോണി ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.