കടുത്ത ജോലിയ്ക്കിടെ ഉറക്കം വരുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും ഉറക്കം കമ്പനി നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം സമയങ്ങളില്‍ ചില ഒരു ചായയോ കാപ്പിയോ കുടിച്ച് അത് നിയന്ത്രിക്കുകയാണ് മിക്കവരും ചെയ്യുന്നത്.
എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു സമീപനം ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി.
ജീവനക്കാര്‍ക്ക് ദിവസവും അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി.
വേക്ക്ഫിറ്റ് സൊല്യൂഷന് എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാദിവസവും അരമണിക്കൂര്‍ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷന് ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിയുടെ നയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പ്രഖ്യാപനം.
അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്.
”ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തില്‍ നിര്‍ണായകമായ ഉച്ചയുറക്കത്തോട് നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ എല്ലായ്പ്പോഴും ഉറക്കത്തിനെ ഗൗരവത്തോടെയാണ് കാണുന്നത്, ഇന്ന് മുതല്‍ ഞങ്ങള്‍ കാര്യങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ്,” രാമലിംഗഗൗഡ കുറിച്ചു.
ഉച്ചയുറക്കം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും മികച്ച പ്രകടനത്തിന് സഹായിക്കുമെന്ന പഠനങ്ങളും അദ്ദേഹം മെയിലില്‍ ചൂണ്ടിക്കാട്ടി.
’26 മിനിറ്റ് നേരത്തെ ഉറക്കത്തിന് നമ്മുടെ പ്രകടനം 33 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് നാസയുടെ ഒരു പഠനം വെളിപ്പെടുത്തുന്നു” അദ്ദേഹം കുറിച്ചു.
ഉച്ചയുറക്കത്തിനായി നാപ് പോഡ്സും പ്രത്യേക മുറികളും സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേക്ക്ഫിറ്റ് 2019-ല്‍ ‘റൈറ്റ് ടു വര്‍ക്ക് നാപ്സ്’ എന്ന പേരില്‍ ഒരു സര്‍വേ നടത്തിയിരുന്നു, 1,500 പങ്കെടുത്ത സര്‍വേയില്‍ 70 ശതമാനം പേരും തങ്ങള്‍ക്ക് ജോലിസ്ഥലത്ത് ‘ഉറക്കമുറി’ ഇല്ലെന്ന് പറഞ്ഞു, 86 ശതമാനം പേര് ഉച്ചയുറക്കം തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു.
എന്നാല്‍ കമ്പനിയുടെ ഈ പ്രഖ്യാപനം സോഷ്യല്‍മീഡിയയില്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്, ചിലര്‍ തങ്ങളുടെ ജോലിസ്ഥലത്തും ഇത് വേണമെന്ന് ആഗ്രഹിച്ചപ്പോള്‍, മറ്റുള്ളവര്‍ ഇത് എല്ലാ കമ്പനികള്‍ക്കും അനുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ ക്ഷേമവും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും ഇന്ത്യയിലെ പല സ്റ്റാര്‍ട്ടപ്പുകളും ഇന്ന് ഏറെ പരിഗണന നല്കുന്ന വിഷയമാണ്.
അടുത്തിടെ മറ്റൊരു കമ്പനിയായ ‘സെരോധ’ വൈകുന്നേരം ആറ് മണിക്ക് ശേഷം ജോലി സംബന്ധമായ സന്ദേശങ്ങള്‍ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സിഇഒ പങ്കുവച്ച കുറിപ്പ് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.