തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായും സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളിലുമാണ് മരണങ്ങള്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കാനഡ, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്. 2019 മുതല്‍ 2024 വരെയുളള വര്‍ഷങ്ങളില്‍ കാനഡയില്‍ ആകെ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 172 ആണ്. ഇതില്‍ ഒന്പതുപേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്.
ഈ കാലയളവില്‍ അമേരിക്കയില്‍ 108 വിദ്യാര്‍ഥികള്‍ മരിച്ചു. ഇതില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറുപേരാണ്. ബ്രിട്ടനില്‍ 58 പേര് മരിച്ചതില്‍ ഒരാളുടെ ജീവന് നഷ്ടമായത് അക്രമണത്തിലാണ്.
ഓസ്ട്രേലിയയില്‍ 57ഉം റഷ്യയില്‍ 37ഉം ജര്‍മനിയില്‍ 24ഉം വിദ്യാര്‍ഥികള്‍ ഈ കാലയളവില്‍ മരണപ്പെട്ടു. ഇറ്റലി, യുക്രെയിന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഇതേ കാലയളവില്‍ 18 വീതം വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. അര്‍മേനിയ, ഫിലിപ്പീന്‍സ്, കസാഖ്സ്ഥാന് എന്നീ രാജ്യങ്ങളില്‍ ഏഴു വീതം വിദ്യാര്‍ഥികളാണു മരണപ്പെട്ടത്.