മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലേക്കു തിരുവനന്തപുരവും. അടുത്ത സീസണിൽ മൂന്നു ടീമുകളെ കൂടി ഉൾപ്പെടുത്താൻ പദ്ധതിയിട്ട് ഐഎസ്എൽ മാനേജ്മെന്റ് പുറത്തിറക്കിയ ലേലപട്ടികയിലാണ് തിരുവനന്തപുരവും ഉൾപ്പെട്ടിരിക്കുന്നത്. മൂന്നു ടീമുകൾക്കായി ലേലം നടത്താനാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കോൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
മേയ് 24 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ഇത്തരത്തിൽ ലേലത്തിൽ വിജയിക്കുന്ന ടീമുകൾ അടുത്തസീസണ് ഐഎസ്എലിൽ കളിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെയാകും സീസണിലെ ഐഎസ്എൽ മത്സരങ്ങൾ നടക്കുക. നിലവിൽ എട്ടു ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് തിരുവനന്തപുരത്തെ ലേലത്തിൽ ഉൾപ്പെടുത്താൻ കാരണമായതെന്നാണു സൂചന. സച്ചിൻ തെണ്ടുൽക്കറുടെ സേതൃത്വത്തിലുള്ള സംഘമാണ് കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ.