സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മത്സരം ഇന്ന് സെഞ്ചൂറിയനില്‍. ആറു മത്സരങ്ങളുടെ പരമ്പര നേടിയ വിരാട് കോഹ് ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ജയംമാത്രം. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നേട്ടമാണ് കോഹ് ലിയുടെ ടീം സ്വന്തമാക്കിയത്.
പരമ്പര നേടിക്കഴിഞ്ഞ നായകന് ഇനി ടീമില്‍ അവസരം കാത്തിരിക്കുന്നവരെ ഇന്നിറക്കാനാകും. 17 പേരുടെ സംഘത്തിലെ 12 പേരെയാണ് നായകന് കഴിഞ്ഞ അഞ്ചു കളിയില്‍ ഇറക്കിയത്. പരമ്പര 5-1ന് നേടണമെന്നാണ് ആഗ്രഹമെന്ന് കോഹ് ലി പോര്‍ട്ട് എലിസബത്തിലെ അഞ്ചാം ഏകദിനത്തിനുശേഷം പറഞ്ഞിരുന്നു.
അതുകൊണ്ട് വിജയം തുടരുന്ന ടീമിനെ ഇന്നിറക്കിയാലും അതില്‍ അദ്ഭുതപ്പെടാനില്ല. ഞങ്ങള്‍ക്ക് പരമ്പര 5-1ന് ജയിക്കണം, പക്ഷേ മറ്റ് കളിക്കാര്‍ക്ക് അവസരം കൊടുക്കാനുമുള്ള സാഹചര്യമുണ്ടെന്ന് പോര്‍ട്ട് എലിസബത്തിലെ വിജയത്തിനുശേഷം കോഹ്ലി പറഞ്ഞിരുന്നു.
ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ ജയമാണ് കോഹ്ലിയെയും സംഘത്തെയും ഏകദിനത്തിലേക്ക് ആത്മവിശ്വാസത്തോടെ ഇറക്കാന്‍ സഹായിച്ചത്. അതുകൊണ്ട് ഏകദിനത്തിലെ അവസാന മത്സരവും വിജയമാക്കിയാല്‍ ടീമിന് മൂന്നുമത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഒന്നാം സ്ഥാനത്തിനുചേര്‍ന്ന പ്രകടമാണ് സെഞ്ചൂറിയനിലും പ്രതീക്ഷിക്കുന്നത്.
ഏകദിനത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും പരാജയമായ ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്കു മുമ്പ് വിജയമാണ് ആഗ്രഹിക്കുന്നത്. അടുത്ത ലോകകപ്പിനെ ഉറ്റുനോക്കുന്ന ഇന്ത്യയുടെ മുന്‍നിര ഈ പരമ്പരയില്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ മധ്യനിര ഇതുവരെ മികവിലെത്തിയിട്ടില്ല. മുന്‍ നായകന് എം.എസ്. ധോണി മാത്രമാണു മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോഹ്ലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മധ്യനിരയ്ക്ക് അവസരം കുറഞ്ഞു. എന്നാല്‍ കിട്ടിയ അവസരങ്ങളൊന്നും വേണ്ടവണ്ണം ഉപയോഗിക്കാനും അവര്‍ക്കായില്ല.
ഈ പരമ്പരയില്‍ മുന്‍നിര നല്കിയ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയി. പിച്ചിന്റെ അവസ്ഥ മാറുന്നതനുസരിച്ച് കളിക്കാന്‍ ഇവര്‍ക്കാവുന്നുമില്ല. പല മത്സരങ്ങളിലും 300 ലേറെ സ്കോര്‍ ചെയ്യാമായിരുന്നിട്ടും മധ്യനിര ബാറ്റിംഗിന്റെ തകര്‍ച്ചകൊണ്ട് ആ സ്കോറിലെത്താതെപോയി. ദക്ഷിണാഫ്രിക്കയ്ക്ക് എത്തിപ്പിടിക്കാവുന്ന സ്കോറായിട്ടും അവരുടെ ബാറ്റിംഗ് നിര ഇന്ത്യയുടെ റിസ്റ്റ് സ്പിന്ന് മുന്നില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്കു ജയമൊരുക്കിയത്.