ന്യൂഡൽഹി: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്ത്. പകരം ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ഇക്കാര്യം സ്ഥിരീകരിച്ചു.
ഒക്ടോബർ 19ന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ കളിച്ചില്ല.
സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക്കിന്റെ അഭാവം.
ഇന്ത്യക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ഡേവിഡ് വാർണറിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ 33 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കിയിട്ടുണ്ട്.