ഇന്ത്യൻ ടീം ഓരോ ജയം നേടുന്പോഴും ക്രിക്കറ്റ് ലോകത്ത് ഒരു ചോദ്യമുയരുന്നു. വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ഈ ജൈത്രയാത്ര ലോകകപ്പ് കിരീടത്തിലേക്കോ? 1980കളിലെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ സംഘത്തോടാണ് ടീം ഇന്ത്യയെ ഓസ്ട്രേലിയൻ മുൻ താരമായ ഡീൻ ജോണ്‍സ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ ഉപമിച്ചതും വിൻഡീസ് മുൻതാരങ്ങളോട്.
രോഹിത് ശർമ – ശിഖർ ധവാൻ ഓപ്പണിംഗ്, വണ്‍ഡൗണ്‍ ആയി ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളർമാർക്ക് ഒരു പ്രതീക്ഷയുമില്ലാത്ത ടോപ് ഓർഡർ. ഗോർഡൻ ഗ്രീനിഡ്ജ് – ഡെസ്മണ്ട് ഹെയ്ൻസ് ഓപ്പണിംഗ്, വണ്‍ഡൗണ്‍ ആയി വിവ് റിച്ചാർഡ്സ്; വിൻഡീസിന്റെ ഈ ടോപ് ഓർഡറിനോടാണ് ഗാവസ്കർ ഇന്ത്യൻ സംഘത്തെ താരതമ്യപ്പെടുത്തിയത്.
ബൗളിംഗിൽ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ തുടങ്ങിയവർക്കൊപ്പം കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരുടെ സ്പിന്നും ചേരുന്പോൾ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ.
ഐസിസി റാങ്കിംഗിൽ ഏകദിനത്തിൽ ലോക രണ്ടാം റാങ്കുകാരാണ് ഇന്ത്യ. മൂന്നാം റാങ്കുകാരായ ന്യൂസിലൻഡിനെ അഞ്ച് മത്സര പരന്പരയിലെ ആദ്യ മൂന്നിലും തോൽപ്പിച്ച് ചിറകരിഞ്ഞിരിക്കുകയാണിപ്പോൾ. 2009നുശേഷം സ്വന്തം നാട്ടിൽ കിവികൾ ഇന്ത്യക്കെതിരേ ഒരു തോൽവി പോലും വഴങ്ങിയിരുന്നില്ല. ഈ പരന്പര തുടങ്ങിയതോടെ അതിനും മാറ്റമുണ്ടായി.
പ്രോട്ടിയസ്, കംഗാരു, കിവീസ്…
ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വിദേശത്ത് നേടുന്ന മൂന്നാം ഏകദിന പരന്പരയാണ് ന്യൂസിലൻഡിലേത്. കിവികളെ മൂന്നാം ഏകദിനത്തിലും കീഴടക്കിയ ഇന്ത്യ അഞ്ച് മത്സര പരന്പര 3-0ന് ഉറപ്പിച്ചതോടെയാണിത്. 2013നുശേഷം കിവികൾ സ്വന്തം നാട്ടിൽ തുടർച്ചയായി മൂന്ന് ഏകദിന തോൽവി വഴങ്ങുന്നതും ഇതാദ്യമാണ്.
2018 ഫെബ്രുവരിയിൽ ഇന്ത്യ പ്രോട്ടിയസ് എന്ന ഓമനപ്പേരുകാരായ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ 5-1നു കീഴടക്കി ഏകദിന പരന്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിൽ വെന്നിക്കൊടി പാറിക്കാൻ സാധിച്ചില്ലെങ്കിലും ഓസ്ട്രേലിയയിൽ 2-1ന് ചരിത്രം കുറിച്ച് പരന്പര നേടി. തൊട്ടുപിന്നാലെ ഇപ്പോൾ ന്യൂസിലൻഡിലും.
2019 ലോകകപ്പിൽ എതിരാളികൾ ഭയക്കുന്ന ടീമായി മാറിയിരിക്കുകയാണ് ഇതോടെ ഇന്ത്യ. മേയ് 30 നാണ് ഏകദിന ലോകകപ്പിന്റെ 12-ാം എഡിഷൻ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അരങ്ങേറുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ചുരുക്കത്തിൽ ലോകകപ്പിൽ ഇന്ത്യയെ കാത്തിരിക്കുന്നത് തുടക്കം മുതൽ ശക്തമായ പരീക്ഷണങ്ങളാണ്.