മുംബൈ: ഏകദിന ലോകകപ്പ് സെമിയിൽ പുറത്തായ ഇന്ത്യൻ ടീമിൽ പരാജയത്തിനു പിന്നാലെ ഉൾപ്പോര് രൂപപ്പെട്ടതായി മാധ്യമ റിപ്പോർട്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലും രണ്ട് ചേരികൾ ടീമിനുള്ളിൽ രൂപപ്പെട്ടതായാണ് ആരോപണം. മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടേയും ക്യാപ്റ്റൻ കോഹ്ലിയുടേയും ഇഷ്ടക്കാർക്ക് ടീമിൽ ഇടം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും പറയപ്പെടുന്നു.
ടീമിന്റെ തീരുമാനം എന്ന നിലയിൽ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും കോഹ്ലിയുടെയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരുടേയും പല തീരുമാനങ്ങൾക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശർമ അടക്കമുള്ള താരങ്ങൾക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോഹ്ലിക്ക് ഒപ്പം നിൽക്കുന്ന കളിക്കാർക്ക് ടീമിൽ മുൻഗണന ലഭിച്ചിരുന്നു എന്നതാണ് ഗുരുതരമായ ആരോപണം. അന്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലുൾപ്പെടുത്തിയത് ഇത്തരത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.
രോഹിത് ശർമയെയും ജസ്പ്രീത് ബുംറയെയും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അവർ എല്ലാ മത്സരങ്ങളിലും കളിച്ചു. എന്നാൽ, യുസ്വേന്ദ്ര ചാഹൽ (ബംഗളൂരു റോയൽ ചലഞ്ചേഴ്സിൽ കോഹ്ലിയുടെ സഹതാരം), കെ.എൽ. രാഹുൽ തുടങ്ങിയവർക്കെല്ലാം ഗുണം ചെയ്തത് തലപ്പത്തുള്ള സൗഹൃദമാണ്. എത്ര മോശം പ്രകടനമാണെങ്കിലും രാഹുൽ ടീമിൽ തുടരുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലി പരാജയമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അനിൽ കുംബ്ലെയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കോഹ്ലിയായിരുന്നു. കുംബ്ലെയ്ക്കു പകരം ശാസ്ത്രിയെ എത്തിയച്ചതും കോഹ്ലിതന്നെ. സുപ്രീം കോടതി നിയമിച്ച സിഒഎ കമ്മിറ്റി അധ്യക്ഷനായ വിനോദ് റായിയുടെ പിന്തുണ ശാസ്ത്രിക്കും കോഹ്ലിക്കും ഉണ്ടെന്നും ആക്ഷേപമുണ്ട്.
‘രോഹിത്തിനെ ക്യാപ്റ്റനാക്കണം’
വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും രോഹിത് ശർമയെ ഇന്ത്യൻ നായകനാക്കണമെന്നും മുൻ താരവും രഞ്ജി ട്രോഫിയിലെ റിക്കാർഡ് നേട്ടക്കാരനുമായ വസീം ജാഫർ. ട്വിറ്ററിലൂടെയാണ് ജാഫർ ഇക്കാര്യം ആവശ്യപ്പെട്ടത്. കോഹ്ലിയെ മാറ്റി രോഹിത്തിനെ ഏകദിന ക്യാപ്റ്റനാക്കണം. 2023 ഏകദിന ലോകകപ്പിൽ രോഹിത്താകണം ഇന്ത്യയെ നയിക്കേണ്ടത്’- വസീം ജാഫർ ട്വീറ്റ് ചെയ്തു.