മുംബൈ: താരങ്ങള്‍ കളത്തിലിറങ്ങുന്നത് കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രണ്ടു മാസം കൂടി കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ ടീം ഓഗസ്റ്റില്‍ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ശ്രീലങ്കയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോള്‍ ക്രിക്കറ്റ് കളമെല്ലാം ഒഴിഞ്ഞു. താരങ്ങളെല്ലാം വീടുകളില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടി.
ഇതിനുശേഷം ക്രിക്കറ്റ് ലോകം വീണ്ടും കളത്തിലിറങ്ങാന്‍ തയാറാകുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അന്താരാഷ് ട്ര ക്രിക്കറ്റ് ലോക്ക്ഡൗണിനുശേഷം പുനരാരംഭിക്കുന്നത്.
ഇന്ത്യയുടെ പര്യടനത്തിന് ബിസിസിഐ പച്ചക്കൊടി ശ്രീലങ്ക ക്രിക്കറ്റിനെ (എസ്എല്‍സി) കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതി.പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. ഇത് ജൂണില്‍ നടക്കേണ്ടതായിരുന്നു.
പരമ്പര നടത്തുന്നതിന് എസ്എല്‍സിക്ക് രാജ്യത്തിന്റെ കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19ന്റെ വ്യാപനത്തെത്തുടര്‍ന്ന രാജ്യത്തേര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് ഇളവുകള്‍ വന്നതോടെ ശ്രീലങ്കയുടെ വിനോദസഞ്ചാരം ഓഗസ്റ്റിൽ പുനരാരംഭിച്ചേക്കും. ഇതുകൊണ്ട് മത്സരങ്ങള്‍ നടത്താന്‍ ലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് എസ്എല്‍സിയുടെ പ്രതീക്ഷകള്‍.
ഏഷ്യ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റിന് ശ്രീലങ്കയാണ് ആതിഥേയരാകുന്നത്. ടൂര്‍ണമെന്റ് നടത്താന്‍ ശ്രീലങ്കയ്ക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍നിന്ന് (എസിസി) അനുമതി ലഭിച്ചു.
ഈ ടൂര്‍ണമെന്റ് യുഎഇയില്‍ പാക്കിസ്ഥാന് സെപ്റ്റംബറില്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനുള്ള അവകാശം പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഇഷാന് മാനി ശ്രീലങ്കയ്ക്ക് നല്‍കുകയായിരുന്നു.