ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് സൂപ്പർ ഹിറ്ററാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിന്റെ കാര്യം വന്നപ്പോൾ സൂര്യയുടെ പ്രകടനങ്ങളുടെ ശോഭ പലപ്പോഴും മങ്ങി. എല്ലാ പന്തും അടിച്ചുപറത്തണമെന്ന ട്വന്റി20 സമീപനമാണു താരത്തിനു വിനയായത്.
എന്നാൽ, അടുത്തിടെ സൂര്യയുടെ പ്രകടനത്തിൽ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പ്രകടനം അത്തരത്തിലൊരു മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു.
എല്ലാ പന്തും അടിച്ചുപറത്താനുള്ള ത്വര നിയന്ത്രിച്ച സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ സൂര്യ 47 പന്തിൽ നേടിയ 49 റണ്സ്, ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയ മറ്റു താരങ്ങൾക്കുള്ള പാഠമാണ്.
ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, ശ്രേയസ് അയ്യരുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം അവതാളത്തിലാക്കുകകൂടി ചെയ്തിട്ടുണ്ട് സൂര്യകുമാർ. കാരണം, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തും. അതോടെ മാനേജ്മെന്റിന് ശ്രേയസോ സൂര്യയോ എന്നു ചിന്തിക്കേണ്ടിവരും.
ശ്രേയസിന്റെ മോശം പ്രകടനങ്ങളും നിർണായക സാഹചര്യങ്ങളിലെ സൂര്യയുടെ മികച്ച ഫോമും പരിഗണിച്ചാൽ സൂര്യ ടീമിലെത്തും.360 ഡിഗ്രിയിൽ ഷോട്ടുതിർക്കാനും ബൗളർമാരേക്കാൾ സാഹചര്യങ്ങളെ ബഹുമാനിക്കാനുമുള്ള സൂര്യയുടെ കഴിവ് അവിടെ ബോണസാകും. ഇംഗ്ലീഷ് സ്പിന്നർമാരായ മോയിൻ അലിക്കും ആദിൽ റഷീദിനുമെതിരേ സൂര്യ പുറത്തെടുത്ത സ്വീപ് ഷോട്ടുകൾ താരത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു.
സ്കോറിംഗ് ഏരിയ കൂടുതൽ വിശാലമാക്കണമെന്ന പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാക്കുകൾക്കു ചെവി കൊടുത്താൻ ഇന്ത്യൻ ടീമിൽ സൂര്യ സ്ഥിരസാന്നിധ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.