ന്യൂഡല്‍ഹി: ആവേശകരമായ 2019നുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2020ലെ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നു. 2019 ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിന്റെ നിരാശ മറികടക്കാന്‍ ഈ വര്‍ഷം ട്വന്റി 20 ലോകകപ്പുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യയുടെ മത്സരങ്ങളുടെ ക്രമങ്ങളായി. ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ 13 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഒന്‍പത് ഏകദിനങ്ങള്‍, രണ്ടു ടെസ്റ്റും ഈ വര്ഷമുണ്ട്്.
ശ്രീലങ്കയുടെ പര്യടനം (ജനുവരി 5-10)
ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ വര്‍ഷം ആരംഭിക്കുന്നത്. അഞ്ചിന് പരമ്പരയ്ക്കു തുടക്കമാകും. ഗോഹട്ടിയിലെ ബാരസ്പര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഏഴിന് ഇന്‍ഡോറിലെ ഹോള്കാറും പത്തിന് പൂനയിലെ എംസിഎ സ്റ്റേഡിയവും രണ്ടും മൂന്നും മത്സരങ്ങള്‍ക്ക് വേദിയാകും.
ഓസ്ട്രേലിയയുടെ പര്യടനം (ജനുവരി 14 – ജനുവരി 19)
ശ്രീലങ്കയ്ക്കെതിരേയുള്ള പര്യടനം സമാപിച്ച ഉടനെ ഇന്ത്യയില്‍ ഓസ്ട്രേലിയയെത്തും. മൂന്നു ഏകദിനങ്ങളാണ് ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയില്‍. 14ന് മുംബൈ വാങ്കഡെയില്‍ ആദ്യമത്സരം. രാജ്കോട്ട് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ (ജനുവരി 17) രണ്ടാം മത്സരവും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ (ജനുവരി 19) മൂന്നാം മത്സരവും നടക്കും.
ന്യൂസിലന്‍ഡ് പര്യടനം (ജനുവരി 24 – മാര്‍ച്ച് 4)
ഒരു മാസത്തിലേറെ നീണ്ടു നില്ക്കുന്ന പര്യടനത്തിന് ഇന്ത്യ ന്യൂസിലന്‍ഡിലെത്തും. ഈ പര്യടനത്തില്‍ എല്ലാ ഫോര്മാറ്റുകളുമുണ്ട്. അഞ്ച് ട്വന്റി 20, മൂന്ന് ഏകദിനം, രണ്ടു ടെസ്റ്റ്. ഓക് ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ 24ന് ട്വന്റി 20 പരമ്പരയ്ക്കു തുടക്കമാകും. 26ന് നടക്കുന്ന രണ്ടാം മത്സരവും ഈ വേദിയില്‍തന്നെയാണ്. 29നുള്ള മൂന്നാം മത്സരം ഹാമിട്ടണിലെ സെഡന്‍ പാര്‍ക്കിലും 31ന് വെല്ലിംഗ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ നാലാമത്തെയും ഫെബ്രുവരി രണ്ടിന് മൗണ്ട് മൗഗാനിയില് അഞ്ചാം മത്സരവും നടക്കും.
ഫെബ്രുവരി അഞ്ചിന് സെഡന്‍ പാര്‍ക്കിലാണ് ആദ്യ ഏകദിനം. എട്ടിന് ഓക് ലന്‍ഡില്‍ രണ്ടാമത്തെയും 11ന് മൗണ്ട് മൗഗാനിയില് മൂന്നാം ഏകദിനവും നടക്കും. 21ന് വെല്ലിംഗ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിനു തുടക്കമാകും. 29ന് ക്രൈസ്റ്റ്ചര്‍ച്ച് ഹാഗ്ലി ഓവലിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ പര്യടനം (മാര്‍ച്ച് 12 – മാര്‍ച്ച് 18)
ന്യൂസിലന്‍ഡ് പര്യടനത്തിനുശേഷം ഇന്ത്യക്ക് സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയില്‍. മാര്‍ച്ച് 12ന് ആദ്യ ഏകദിനം ധര്‍മശാലയില്‍. രണ്ടാം ഏകദിനം ലക്നോയില്‍ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിലും മൂന്നാം ഏകദിനം കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലും നടക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (മാര്‍ച്ച് 29 മുതല്‍ മേയ് 24)
13-ാം പതിപ്പ് ഐപിഎല്‍ ട്വന്റി 20 ടൂര്‍ണമെന്റിന് മാര്‍ച്ച് 29ന് തുടക്കമാകും. ഓരോ ഫ്രാഞ്ചൈസികളും കളിക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു.
ശ്രീലങ്കന്‍ പര്യടനം (ജൂലൈ)
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി തീരുമാനമായിട്ടില്ല. ശ്രീലങ്കയില്‍ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി 20കളുമാണുള്ളത്.
ഏഷ്യാ കപ്പ് (സെപ്റ്റംബര്‍)
2020 ഏഷ്യ കപ്പ് നടത്തിപ്പിനുള്ള അവകാശം പാക്കിസ്ഥാന് നേടിയതോടെ ഇന്ത്യ ടീം അവിടേക്കു പോകുന്ന കാര്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പങ്കാളിത്തത്തെക്കുറിച്ച് ജൂണില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനിക്കും.
ഇംഗ്ലണ്ടിന്റെ പര്യടനം (സെപ്റ്റംബര്‍ – ഒക്ടോബര്‍)
ട്വന്റി 20 ലോകകപ്പിനു മുമ്പ് ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തും.
ഐസിസി ട്വന്റി 20 ലോകകപ്പ് (ഒക്ടോബര്‍ – നവംബര്‍)
ഐസിസി ട്വന്റി 20 ലോകകപ്പിന് ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ തുടക്കമാകും. ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 15 വരെയാണ് ടൂര്‍ണമെന്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടം കടന്നാല്‍ നവംബര്‍ 11നും 12നുമാണ് സെമി ഫൈനലുകള്‍. 15ന് ഫൈനലും.
ഓസ്ട്രേലിയന്‍ പര്യടനം (നവംബര്‍ – ഡിസംബര്‍)
ലോകകപ്പിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റും മൂന്നാം ഏകദിനവും ഓസ്ട്രേലിയയിലുണ്ട്.