സിഡ്നി: രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഗൗതം ഗംഭീർ… ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുതൽ പരിശീലകൻവരെ വിമർശനങ്ങളുടെ മുൾമുനയിലാണ്. മോശം ഷോട്ട് സെലക്ഷൻ, ടൈമിംഗ് ഇല്ലായ്മ, വിക്കറ്റ് കളഞ്ഞുകുളിക്കൽ, ക്ഷമയില്ലായ്മ എന്നിങ്ങനെ രോഹിത്തിനെയും കോഹ്ലിയെയും പന്തിനെയുമെല്ലാം വിമർശിക്കാൻ കാരണങ്ങൾ പലത്.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണം. ടീമിന്റെ മോശം പ്രകടനത്തിൽ പരസ്പരം പഴിചാരൽ ഉൾപ്പെടെയുള്ള സ്ഥിരം പരിപാടികളാണ് അരങ്ങേറുന്നത്. ചുരുക്കത്തിൽ ഇന്ത്യ ടീം ക്യാന്പിൽ ആകെ മൊത്തം അലന്പ് അവസ്ഥയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മതിയായെന്ന് ഗംഭീർ
മെൽബണ് ടെസ്റ്റ് സമനിലയിൽ എത്തിക്കാനുള്ള എല്ലാ സാധ്യതയും നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്. തോൽവിക്കുശേഷം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡ്രസിംഗ് റൂമിൽ മുഴുവൻ അംഗങ്ങളോടുമായി ഒരു കാര്യമാണ് പറഞ്ഞത്; “ബഹുത്ത് ഹോ ഗയാ’’ (ഏറെയായി). മതിയായി, വയറു നിറഞ്ഞു എന്നെല്ലാം പറയുന്നതിനു തുല്യമാണ് ഗംഭീറിന്റെ ഈ വാക്കുകൾ.
2024 ജൂലൈ ഒന്പതിനാണ് ഗംഭീർ ഇന്ത്യൻ ടീം മുഖ്യപരിശീലക സ്ഥാനത്ത് എത്തിയത്. ഗംഭീർ നൽകുന്ന ഉപദേശങ്ങളല്ല കളിക്കാർ കളത്തിൽ പ്രാവർത്തികമാക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.
വൈഡ് ബോളിനു പിന്നാലെപോയി വിക്കറ്റ് തുലയ്ക്കുന്ന കോഹ്ലിയും ലാപ് ഷോട്ടും അനാവശ്യ പുൾഷോട്ടിനും ശ്രമിച്ചു വിക്കറ്റ് സമ്മാനിക്കുന്ന പന്തുമെല്ലാം അതിന്റെ ഉദാഹരങ്ങൾ.
സിഡ്നി ടെസ്റ്റിന്റെ ഫലം അനുകൂലമല്ലെങ്കിൽ ഗൗതം ഗംഭീറിന്റെ സ്ഥാനം പോലും തെറിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് ബിസിസിഐയുടെ ആദ്യ ചോയിസ് ഗംഭീർ അല്ലായിരുന്നു (വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു ആദ്യ ചോയിസ്). അതുപോലെ ചില വിദേശ കോച്ചുമാർക്ക് മൂന്നു ഫോർമാറ്റിലും പരിശീലിപ്പിക്കുക സാധ്യവുമല്ലായിരുന്നു. ഇക്കാരണങ്ങളാൽ ഗൗതം ഗംഭീറിലേക്ക് എത്തുകയായിരുന്നു എന്നാണ് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
പൂജാരയെ നൽകിയില്ല
ന്യൂസിലൻഡിന് എതിരായ ഹോം പരന്പര 3-0നു പരാജയപ്പെട്ടശേഷമാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്കു വിമാനം കയറിയത്. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് ഗംഭീർ സെലക്ടർമാരോട് ആവശ്യപ്പെട്ട പ്രധാന കാര്യം ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വർ പൂജാരയെ ടീമിലെത്തിക്കണം എന്നതായിരുന്നു. എന്നാൽ, ഗംഭീറിന്റെ ഈ ആവശ്യം നിരാകരിക്കപ്പെട്ടു. അതോടെ സെലക്ടർമാരുമായുള്ള ഗംഭീറിന്റെ ബന്ധത്തിൽ വിള്ളലുണ്ടായതായും റിപ്പോർട്ടുണ്ട്.
പെർത്തിലെ ഒന്നാം ടെസ്റ്റിൽ ഹർഷിത് റാണ, വാഷിംഗ്ടണ് സുന്ദർ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതും പിങ്ക് ബോൾ ടെസ്റ്റിൽ ആകാശ് ദീപിനെ ഒഴിവാക്കിയതുമെല്ലാം ഗംഭീറിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു എന്നും പറയപ്പെടുന്നു. പരന്പരയിൽ ശുഭ്മാൻ ഗില്ലിനെ കൈകാര്യം ചെയ്യുന്നതിൽ ഗംഭീർ വീഴ്ചവരുത്തിയതും ടീമിനു പ്രത്യേക ബാറ്റിംഗ് കോച്ച് ഇല്ലാത്തതുമെല്ലാം വിമർശിക്കപ്പെടുന്നു.
ഇതിനിടെ രോഹിത് ശർമയെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ടീമിനെ രക്ഷിക്കാൻ തയാറായി ഒരു മുതിർന്ന കളിക്കാരൻ രംഗപ്രവേശം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഈ പരന്പരയ്ക്കുശേഷം രോഹിത് ടെസ്റ്റിൽനിന്നു വിരമിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പുതിയ രക്ഷകന്റെ രംഗപ്രവേശമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അവസാന പരീക്ഷ നാളെ
സിഡ്നി: ഇന്ത്യ x ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം നാളെ സിഡ്നിയിൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അഞ്ചാം ടെസ്റ്റ് ആരംഭിക്കും. നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ 2-1ന് ഓസ്ട്രേലിയ മുന്നിലാണ്.
സിഡ്നി ടെസ്റ്റിൽ ജയിച്ച് പരന്പര 2-2 സമനിലയിൽ എത്തിക്കാൻ സാധിച്ചാൽ ഇന്ത്യക്കു ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താം. നിലവിൽ ബോർഡർ-ഗാവസ്കർ ട്രോഫി ചാന്പ്യന്മാരാണ് ഇന്ത്യ എത്തതിനാലാണിത്. ഐസിസി 2025 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യതയിൽ ചെറിയ പ്രതീക്ഷ ബാക്കിവയ്ക്കണമെങ്കിലും സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കു ജയം അനിവാര്യം.