ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയപരമായി ശത്രുതയിലാണെങ്കിലും ഇരു രാജ്യങ്ങളിലെയും യുവാക്കള് പ്രണയബദ്ധരാവുന്നതും പരസ്പരം കാണാന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്നതിന്റെയും വാര്ത്തകള് നമ്മള് പതിവായി കേള്ക്കാറുണ്ട്.
ഇത്തരത്തില് ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില് കലാശിച്ചതോടെ ആണ്സുഹൃത്തിനെ കാണാന് പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് ഒരു ഇന്ത്യന് യുവതി.
ഉത്തര് പ്രദേശിലെ കൈലോര് ഗ്രാമവാസിയും രാജസ്ഥാനിലെ ആള്വാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34-കാരിയാണ് കാമുകനെ കാണാന് അതിര്ത്തി കടന്നത്.
പാക്കിസ്ഥാനിയും 29-കാരനുമായ നസ്റുള്ളയെ കാണാനാണ് അഞ്ജു നാടുവിട്ടത്. നിലവില് പാക്കിസ്ഥാനിലെ ഖൈബര് പഖ്തുണ്ഖ്വ പ്രവിശ്യയിലെ അപ്പര് ദിര് ജില്ലയിലാണ് അഞ്ജു ഇപ്പോള് ഉള്ളത്.
മെഡിക്കല് മേഖലയില് ജോലി ചെയ്യുന്ന നസ്റുള്ളയുമായി കുറച്ചുമാസങ്ങള്ക്ക് മുമ്പാണ് അഞ്ജു ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്.
വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്കുട്ടിയുടെയും ആണ്കുട്ടിയുടെയും അമ്മയാണ് അഞ്ജു.
ഇവര് പാക്കിസ്ഥാനിലുണ്ടെന്നും നസ്റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാക്കിസ്ഥാന് പോലീസ് പറഞ്ഞു.
ആദ്യം അഞ്ജുവിനെ കസ്റ്റഡിയില് എടുത്തിരുന്നെങ്കിലും യാത്രാരേഖകള് കൃത്യമായിരുന്നതിനാല് വിട്ടയയ്ക്കുകയായിരുന്നെന്നും അവര് വ്യക്തമാക്കി.
അഞ്ജു പാക്കിസ്ഥാനിലേക്ക് പോയതിന് പിന്നാലെ രാജസ്ഥാന് പോലീസ് അന്വേഷണങ്ങള്ക്കായി അവരുടെ ഭിവാഡിയിലെ വീട്ടില് എത്തിയിരുന്നു.
വ്യാഴാഴ്ച, ജയ്പുരിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്നിന്ന് പോയതെന്നും എന്നാല് പാക്കിസ്ഥാനിലേക്കാണ് പോയതെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും ഇവരുടെ ഭര്ത്താവ് അരവിന്ദ് പറഞ്ഞു.
അഞ്ജുവിന് നിയമാനുസൃത പാസ്പോര്ട്ടുണ്ടെന്നും വിഷയത്തില് അവരുടെ കുടുബം ഇതുവരെ പരാതി നല്കിയിട്ടില്ലെന്നും ഭിവാഡി എ.എസ്.പി. സുജിത് ശങ്കര് വാര്ത്താ ഏജന്സിയായ പി.ടി.ഐയോടു പറഞ്ഞു.
അഞ്ജുവും നസ്റുള്ളയും തമ്മില് മൂന്നു കൊല്ലമായി സൗഹൃദത്തിലാണെന്നാണ് വിവരം.
ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് അഞ്ജുവും അരവിന്ദും. താന് ലാഹോറിലാണ് ഉള്ളതെന്ന് പറഞ്ഞ് അഞ്ജു, അവരുടെ സഹോദരിയെ വിളിച്ചിരുന്നെന്നും പിന്നീട് വാട്ട്സാപ്പ് കോളിലൂടെ സംസാരിച്ചിരുന്നെന്നും അരവിന്ദ് മാധ്യമങ്ങളോടു പറഞ്ഞു.
താന് അഞ്ജുവിനോട് സംസാരിക്കുമെന്നും തിരിച്ചുവരാന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജു വീട്ടിലേക്ക് മടങ്ങിവരുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
വിദേശത്ത് ജോലിക്ക് പോകാന് 2020-ലാണ് അഞ്ജു പാസ്പോര്ട്ട് എടുത്തതെന്നും അരവിന്ദ് കൂട്ടിച്ചേര്ത്തു. ഭാര്യയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ ആരെങ്കിലുമായും ബന്ധമുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യക്കാരനൊപ്പം ജീവിക്കാന് നാലുമക്കളുമായി സീമ ഗുലാം ഹൈദര് എന്ന പാക് യുവതി ഇന്ത്യയിലെത്തിയത്. ഇനി പാക്കിസ്ഥാനിലേക്ക് തിരികെയില്ലെന്ന് സീമ ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.