തിരുവല്ല: ടർക്കിയിലെ അൻറാലിയയിൽ മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. യംഗ് ടൈഗ്രസ് എന്നാണ് ദേശീയ ടീമിനെ നാമകരണം ചെയ്തിരിക്കുന്നത്. ജോർദാൻ, ഹോംഗ് കോംഗ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19, 22, 25 തീയതികളിലാണ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ .
2025 ജൂലൈയിൽ സാഫ് അണ്ടർ 20, ഓഗസ്റ്റിൽ നടക്കുന്ന എഎഫ്സി അണ്ടർ 20 തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിന്റെ പരിശീലനം കൂടിയാണ് ഈ മത്സര പരമ്പര. സ്വീഡനിൽ നിന്നുള്ള ജൊയാകിം അലക്സാണ്ടേർസ്ണാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കേരളത്തിൽ നിന്നുമുള്ള കെ. കെ. ഹമീദ് ടീമിന്റെ കീപ്പിംഗ് പരിശീലകനാണ്. ബംഗളൂരു കേന്ദ്രമാക്കിയാണ് ടീമിന്റെ പരിശീലനം നടക്കുന്നത്.
മദ്രാസ് സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ കായിക വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് ഡോ. റെജിനോൾഡ് വർഗീസ് ഫുട്ബോൾ പരിശീലന രംഗത്തേക്ക് എത്തിയത്. മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ഗോൾകീപ്പർ കൂടിയായ റെജിനോൾഡ് അഞ്ച് വിദേശ പരിശീലകരുടെ കീഴിൽ വിദഗ്ധ ഫുട്ബോൾ പരിശീലനം അഭ്യസിച്ചിട്ടുണ്ട്.
2002 ൽ കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഡോ. റെജിനോൾഡ് മാർത്തോമ്മ കോളജിൽ കായിക വകുപ്പ് മേധാവി ആയിരിക്കുമ്പോഴാണ് കോളജിലും പത്തനംതിട്ട ജില്ലയിലും ആദ്യമായി വനിതാ ഫുട്ബോൾ ടീം രൂപീകരിക്കുന്നത്.
25 വർഷം തുടർച്ചയായി മഹാത്മാഗാന്ധി സർവകലാശാല കിരീടം നേടിയ മാർത്തോമ്മാ കോളജ് വനിതാ ടീമിന്റെയും 15 വർഷം തുടർച്ചയായി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ പത്തനംതിട്ട ജില്ല വനിതാടീമിന്റെയും മുഖ്യ പരിശീലകനായിരുന്നു.തിരുവല്ല നഗരസഭ കൗൺസിലർ കൂടിയാണിദ്ദേഹം.