ന്യൂജേഴ്സി: പതിനഞ്ചു വയസു പ്രായമുള്ള മുന്ന് ഇന്ത്യൻ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനുവേണ്ടി സമാഹരിച്ചത് 280,000 ഡോളർ.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ മെന്റേഴ്സ് എന്ന നോണ്‍ പ്രൊഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്ന് സഹോദരിമാർ.
ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ ഞങ്ങൾ ജനങ്ങളോട് സമാഹരിച്ചതാണ് ഈ തുകയെന്നും, ഓക്സിജൻ, വാക്സിൻ എന്നിവ അടിയന്തരമായി ഇന്ത്യയിൽ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇവർ പറഞ്ഞു.
മേയ് മൂന്നാണ് ഇവരുടെ ഫണ്ട് രൂപീകരണവിവരം സോഷ്യൽ മീഡിയായിലൂടെ പ്രസിദ്ധീകരിച്ചത്.
പഠിക്കുന്ന സ്കൂളിലെ കുട്ടികളൂടെ കുടുംബാംഗങ്ങൾ, സഹപാഠികൾ എന്നിവർ നിർലോഭമായി ഫണ്ടിലേക്ക് സംഭാവന ചെയ്തതായി ഇവർ പറഞ്ഞു.
ലിറ്റിൽ മെന്റേഴ്സ് എന്ന സംഘടന കോസ്റ്ററിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങി രാജ്യങ്ങലിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകൾ എന്നിവയും ന്യൂഡൽഹിയിലേക്ക് കയറ്റിയക്കുന്നതിന് ക്രമീകരണങ്ങൾ പൂർത്തികരിച്ചതായും സഹോദരിമാർ പറഞ്ഞു.
അനേകർക്ക് മാതൃകയായ ഈ കുട്ടികളെ പ്രേത്സാഹിപ്പിക്കുവാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ