മുംബൈ: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്യത്തെ സാമൂഹിക സാംസ്കാരിക അക്കാദമിക് രംഗത്തെ പ്രമുഖർ. നസറുദീൻ ഷാ, മീരാ നായർ, ടി.എം കൃഷ്ണ, അമിതാവ് ഘോഷ്, റൊമില ഥാപ്പർ എന്നിവരുൾപ്പെടെ മുന്നൂറിലറെ പ്രമുഖരാണ് സിഎഎ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്ന് ഇന്ത്യൻ കൾച്ചറൽ ഫോറത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായ വിദ്യാർഥികളുടെയും മറ്റ് ആളുകളുടേയും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. ബഹുസ്വരവും വൈവിധ്യപൂർണവുമായ ഒരു സമൂഹം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള കൂട്ടായ പ്രക്ഷോഭത്തെ തങ്ങൾ അഭിവാദ്യം ചെയ്യുന്നു.
ഈ വാഗ്ദാനത്തിന് അനുസൃതമായി നമ്മൾ എല്ലായ്പ്പോഴും ജീവിച്ചിട്ടില്ലെന്ന് നമുക്കറിയാം, അനീതി നേരിടുമ്പോൾ നമ്മളിൽ പലരും പലപ്പോഴും മൗനം പാലിക്കുന്നതായും പ്രമുഖർ ഒപ്പിട്ട പ്രസ്താവന കുറ്റപ്പെടുത്തി.
അനിതാ ദേശായ്, കിരൺ ദേശായ്, ജാവേദ് ജഫ്രി, നന്ദിതാ ദാസ്, ആഷിഷ് നന്ദി, ശബ്നം ഹാഷ്മി തുടങ്ങിയ പ്രമുഖരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ആത്മാവ് ഭീഷണി നേരിടുന്നു. നമ്മുടെ ദശലക്ഷക്കണക്കിന് സഹപൗരൻമാരുടെ ഉപജീവനമാർഗവും പൗരത്വവും അപകടത്തിലാണ്.
എൻആർസിക്ക് കീഴിൽ, അവരുടെ വംശപരമ്പര തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ കഴിയാത്ത ആരും പൗരൻമാരല്ലാതാകുമെന്ന് പ്രസ്താവനയിൽ പ്രമുഖർ ആശങ്കരേഖപ്പെടുത്തി.