ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. കേരളത്തിൽ ഇന്ന് ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികൾ ഇടപഴകിയ സ്ഥലങ്ങൾ നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവർ സന്പർക്കം നടത്തിയവരുടെ എല്ലാം സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഉടൻ വരും.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശിലും സിക്കിമിലും വിദേശികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഖത്തറിലേക്ക് താൽക്കാലിക പ്രവേശന വിലക്ക്
ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തർ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി.
ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാക്ക്, ലബനൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വീസയുള്ളവർ, വിസിറ്റ് വീസക്കാർ, വർക്ക് പെർമിറ്റ്, താൽക്കാലിക വീസക്കാർ എന്നിവർക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല.
കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണ് വിലക്കെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇതോടെ അവധിക്ക് നാട്ടിൽ എത്തിയ പതിനായിരക്കണക്കിന് മലയാളികൾ അടക്കമുള്ളവരുടെ മടക്കയാത്ര അനിശ്ചിതമായി നീളും.
ഇതിനിടെ സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റാണു വേണ്ടത്. ആദ്യം സൗദിയിൽ എത്തുന്നവർക്കും റീ എൻട്രി വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്.
സർട്ടിഫിക്കറ്റ് 24 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതാകാൻ പാടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സൗദി എംബസിയോ കോണ്സുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്നു മാത്രമേ എടുക്കാവൂ.
ഇറ്റലിയിൽ ഇന്നലെ മാത്രം മരണം 133
റോം: ഇറ്റലിയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. ഞായറാഴ്ച 1492 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനം ആണ് കുതിച്ചുയർന്നത്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി.
വടക്കൻ ഇറ്റലിയിലെ ലൊംബാർഡി അടക്കം 15 പ്രവിശ്യകൾ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറൻറൈൻ നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്. പ്രായം കൂടിയവരുടെ എണ്ണത്തിൽ ജപ്പാനു പിന്നിൽ രണ്ടാമതാണ് ഇറ്റലി.
കൊറോണ ബാധിച്ചു മരിക്കുന്നവരിൽ പ്രായം ചെന്നവരാണ് അധികവും. ഇന്നലെ ഇറ്റലിയിലെ മരണസംഖ്യ 233 ആയി. രോഗികളുടെ എണ്ണം 5,883 ആയും കൂടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ മരണം ഇപ്പോൾ ഇറ്റലിയിലാണ്.
ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കർശന നടപടികൾ ഇറ്റാലിയൻ സർക്കാരും ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്ര ണങ്ങൾ.
15 പ്രവിശ്യകളിലെ ഒരാൾക്കും പ്രത്യേക അനുമതി കൂടാതെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ജിം, മ്യൂസിയം, സിനിമാ തിയേറ്ററുകൾ, നിശാ ക്ലബ്ബുകൾ തുടങ്ങി ജനങ്ങൾ വരുന്ന സ്ഥലങ്ങൾ പൂട്ടാൻ നിർദേശിച്ചു.
സാന്പത്തിക തലസ്ഥാനമായ മിലാനും വെനീസുമെല്ലാം അടച്ചുപൂ ട്ടപ്പെട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്. രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൊംബാർഡിയിലെ ആശുപത്രികളിൽ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോർട്ടുണ്ട്.