ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,293 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. രാജ്യത്ത് ഇപ്പോൾ 26,167 പേരാണ് ചികിത്സയിലുള്ളത്.
9950 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 11,506 ആയി. 485 പേർ മരിച്ചു. 1879 പേർക്കാണ് അസുഖം ഭേദമായത്.
ലോകവ്യാപകമായി 2,39,622 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 3,402,034 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച 10,80,101 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലാണ് കൂടുൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,31,015 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 65,776 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്.
1,131,492 പേർ രോഗമുക്തി നേടി. 903,704 പേർ ഇപ്പോഴും അമേരിക്കയിൽ ചികിത്സയിലാണ്. അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്.
3,15,222 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (7,538), മിഷിഗൻ (3,866), മാസച്യുസെറ്റ്സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെൻസിൽവാനിയ (2,651), കലിഫോർണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 28,236 പേരാണ് ഇവിടെ മരിച്ചത്. 2,07,428 പേർക്കു ഇവിടെ രോഗം സ്ഥിരീകരിച്ചു.
ഫ്രാൻസിൽ 24,594 പേരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്.
ബ്രിട്ടണിൽ 27,510 പേരാണു കോവിഡിന് ഇരയായത്. ഇതോടെ യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടൻ. സ്പെയിനിൽ 24,824 പേരും ജർമനിയിൽ 6,736 പേരും കോവിഡ് ബാധിച്ചു മരിച്ചു.