വിവാഹാഭ്യർഥനയുമായി യുവാക്കൾ പുറകേ നടന്നാൽ പെൺകുട്ടിക്കും കുടുംബത്തിനും എന്തൊരു അസ്വസ്ഥതയാണുണ്ടാവുക. അപ്പോൾ വിവാഹാഭ്യർഥനയുടെ എണ്ണം നാലര ലക്ഷം കവിഞ്ഞാലോ…? ഇന്ത്യക്കാരാണ് എറെ വിവാഹാഭ്യർഥന നടത്തിയിട്ടുള്ളതെന്നാണ് വിവാഹാഭ്യർഥന ലഭിച്ച ആളുടെ ബന്ധുക്കൾ പറയുന്നത്.
വിവാഹാഭ്യർഥനമൂലം പൊറുതിമുട്ടിയിരിക്കുന്നത് ഗൂഗിളിന്റെ എഐ സംവിധാനമായ ഗൂഗിൾ അസിസ്റ്റന്റാണെന്നുള്ളതാണ് രസകരമായ കാര്യം. കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ ഇന്ത്യ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഗൂഗിൾ അസിസ്റ്റന്റിനോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നത് എന്നറിയണം എന്നായിരുന്നു ഗൂഗിൾ ഇന്ത്യ കുറിച്ചത്. ഇതിനു മറുപടിയായി നിരവധി രസകരമായ ഉത്തരങ്ങളും ഗൂഗിളിന് ട്വിറ്ററിലൂടെ ലഭിക്കുന്നുണ്ട്. ഇനി ഇത്തരത്തിൽ ഒരു വിവാഹാഭ്യർഥന നടത്തരുതെന്ന മുന്നറിയിപ്പ് സൂചന ട്വീറ്റിലൂടെ ഗൂഗിൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
മുന്പും ഇന്ത്യക്കാരുടെ വിവാഹാഭ്യർഥനയെക്കുറിച്ച് പരാമർശിച്ച് ഗൂഗിൾ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൊബൈൽ, സ്മാർട്ട് ഹോം ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനായി ഗൂഗിൾ വികസിപ്പിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് പിന്തുണയുള്ള ഒരു വർച്വൽ അസിസ്റ്റന്റാണ് ഗൂഗിൾ അസിസ്റ്റന്റ്.