എന്നും ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോകുന്നതാണ് പാകിസ്ഥാന്റെ നയം.ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ കടത്തിവിടാനും ആക്രമണങ്ങള്‍ നടത്താനും സഹായിക്കുന്നതിന്റെ പേരില്‍ ഇന്ത്യ പാക്കിസ്ഥാന് സൈന്യത്തെ നിരന്തരം ആക്രമിക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചെയ്ത പ്രവൃത്തിയെ പാക്കിസ്ഥാനികളും പാക്മാധ്യമങ്ങളും വാനോളം പുകഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
ഇതോടെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണങ്ങള്‍ വ്യാപകമാകുകയും ചെയ്തിരുന്നു. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 7 വരെ നിയന്ത്രണ രേഖയില്‍ 3,186 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.
എന്നാല്‍, ഇതൊന്നും ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ സ്നേഹത്തെ ഇല്ലാതാക്കിയിട്ടില്ല എന്നാണ് പാക്കിസ്ഥാനികള്‍ പറയുന്നത്. പാക്കിസ്ഥാന് നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്നേഹത്തോടെ സമ്മാനങ്ങള്‍ നല്കി തിരിച്ചയയ്ക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ജനതയുടെ പ്രശംസയ്ക്കു പാത്രമായത്.
കഹുട്ടയിലെ അബ്ബാസ്പൂര് തഹസില്‍ ഗ്രാമത്തിലെ നിന്നുള്ള ലെയ്ബ സബെയര്‍ (17), സന സബെയര്‍ (13) എന്നിവരാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ ഭാഗത്ത് എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാകാതിരിക്കാന്‍ ‘പൂര്‍ണ്ണ നിയന്ത്രണം’ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ സൈന്യം ഉറപ്പ് നല്‍കിയിരുന്നു.
കുടുംബാംഗങ്ങളുമായുള്ള വഴക്കിനെത്തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളും വീട് വിട്ടിറങ്ങിയതായാണ് പാക്കിസ്ഥാന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അബ്ബാസ്പൂര് അസിസ്റ്റന്റ് കമ്മിഷണര്‍ സയ്യിദ് തസാവ്വര് ഹുസൈന് കസ്മി അന്വേഷണം നടത്തിയിരുന്നു.
രണ്ട് പെണ്‍കുട്ടികളുടെയും പിതാവ് ആറുമാസം മുന്‍പാണ് അന്തരിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ എല്ലാ ദിവസവും കലഹമാണെന്നും ഇതിനാലാണ് വീട്ടില്‍ നിന്നിങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കസ്റ്റഡില്‍ ചെലവഴിച്ച പെണ്‍കുട്ടികളെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയ്ക്കടുത്തുള്ള ചകന്‍ ഡാ ബാഗ് ക്രോസിങ് പോയിന്റില്‍ വെച്ച് പാക്ക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
സ്വദേശത്തേക്കു മടങ്ങുന്നതിന് മുന്‍പായി രണ്ട് പാക്ക് സഹോദരിമാര്‍ക്കും ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സമ്മാനങ്ങളും മധുര പാക്കറ്റുകളും നല്‍കിയിരുന്നു. ഇതിന്റെ എല്ലാം ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
‘ഞങ്ങള്‍ക്ക് വഴി തെറ്റിപ്പോയി, ആകസ്മികമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. സൈനികര്‍ ഞങ്ങളെ തല്ലുമെന്ന് ഭയപ്പെട്ടു’, നാട്ടിലേക്ക് മടങ്ങിയ ശേഷം വിഡിയോ സന്ദേശത്തില്‍ ലൈബ സുബൈര്‍ പറഞ്ഞു. ‘എന്നാല്‍ അവരെല്ലാവരും (ഇന്ത്യന്‍ സൈന്യം) ഞങ്ങളുമായി നല്ല ബന്ധം പുലര്‍ത്തി.
അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും നല്കി. ഞങ്ങളെ തിരികെ പാക്കിസ്ഥാനില്‍ തന്നെ എത്തിക്കാന്‍ എല്ലാവരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം, അവര്‍ ഞങ്ങളെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് കരുതി, പക്ഷേ ഇന്ന് ഞങ്ങള്‍ വീട്ടിലേക്ക് പോകുന്നു. അവര്‍ ശരിക്കും നല്ലവരാണ്.’ കുട്ടികള്‍ പറഞ്ഞു. എന്തായാലും ലോകമാധ്യമങ്ങള്‍ വരെ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തുന്ന തിരക്കിലാണ്.