ഇൻഡിഗോ വിമാന യാത്രയെ സംബന്ധിച്ച് പല വാർത്തകളും ഇപ്പോൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗുഡ്ഗാവ് സ്വദേശിയായ രത്നേന്ദു റേ തനിക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാന യാത്രയ്ക്കിടെ സംഭവിച്ച ദുരിതത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേറ്റതിനെക്കുറിച്ചാണ് രത്നേന്ദുവിന്റെ പോസ്റ്റ്.
“ഓഗസ്റ്റ് 14 ന് പുലർച്ചെ ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഞാൻ ദില്ലിയിലെ ടി 2 ൽ എത്തി. എന്നാൽ എയറോബ്രിഡ്ജ് ഞങ്ങൾക്ക് ആർക്കും തന്നെ അവർ നൽകിയിട്ടില്ല, പകരം എല്ലാവരോടും അവരുടെ റാമ്പുകൾ ഉപയോഗിച്ച് ഇറങ്ങാൻ ആവശ്യപ്പെട്ടു. ശക്തമായ മഴ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്കിയ റാമ്പ് നന്നേ നനഞ്ഞിരുന്നു. അതുവഴി നടന്നു താഴേക്ക് പോയ്ക്കൊണ്ടിരുന്നപ്പോൾ ഈർപ്പം കാരണം തന്റെ വലതു കാൽ റാമ്പിലെ ഈർപ്പമുള്ള ഭാഗത്തേക്ക് വഴുതി. പിന്നാലെ താഴേക്ക് വീണു. വാഴ്ചയോടെ കണങ്കാല് ഒടിയുകയോ സ്ഥാനം മാറുകയോ ചെയ്തതായി അപ്പോള്‍ തന്നെ തനിക്ക് തോന്നിയിരുന്നു. സഹയാത്രികരുടെ സഹായത്തോടെയാണ് താന്‍ അവിടെ നിന്നും എഴുന്നേറ്റത്. ആ അപകടത്തിന് ശേഷമുള്ള വളഞ്ഞിരിക്കുന്ന കാലിന്റെ പടം പങ്കുവച്ച്കൊണ്ട് രത്നേന്ദു റേ ഇങ്ങനെ എഴുതി.
സംഭവത്തിൽ ഇൻഡിഗോയുടെ പ്രതികരണമാണ് തന്നെ ഞെട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. റാമ്പ് നനഞ്ഞിരുന്നില്ലെന്നും രത്നേന്ദു തന്നെ വഴുതി വീണതാണെന്നുമായിരുന്നു ഇൻഡിഗോയുടെ പ്രതികരണം. ഇത് തനിക്ക് അപമാനമായി തോന്നിയെന്ന് അദ്ദേഹം കുറിച്ചു. തനിക്ക് ശരിക്കും നടക്കണമെങ്കില്‍ ഇനി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും. വലത് കണങ്കാലിൽ ഒരു പ്ലേറ്റും സ്ക്രൂകളുമുണ്ട്, ചെറിയ ചലന ശേഷി മാത്രമേ ഇപ്പോൾ ഉള്ളൂ. രണ്ട് ശസ്ത്രക്രിയയാണ് നടന്നത്. ഫിസിയോതെറാപ്പിക്കും ദിനചര്യയ്ക്കുമായി ഇപ്പോള്‍ ഒരു വാക്കറിനെ ആശ്രയിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.