കണ്ണൂർ,കോഴിക്കോട്: പ്രിയനേതാവ് സീതാറാം യെച്ചൂരിയെ അവസാനമായി ഒരുനോക്ക് കാണാൻ സിപിഎം നേതാവ് ഇ.പി. ജയരാജൻ തന്റെ ബഹിഷ്കരണ തീരുമാനം മാറ്റി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിക്കു പറന്നു.
കരിപ്പൂരിൽനിന്ന് ഇന്നലെ രാത്രിയായിരുന്നു യാത്ര. ഡൽഹിയിലേക്കു പോകാൻ മറ്റു വിമാനങ്ങളൊന്നും ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇൻഡിഗോയെ തന്നെ ആശ്രയിച്ചത്.
2022 ജൂണ്‍ 13നാണ് ബഹിഷ്കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്നാഴ്ചത്തേക്ക് വിമാന അധികൃതർ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനയാത്ര അദ്ദേഹം ബഹിഷ്കരിച്ചത്.
പിന്നീട് പലതവണ ഇന്‍ഡിഗോ അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങാന്‍ ഇപിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇൻഡിഗോ ബഹിഷ്കരണം എന്ന തീരുമാനം ശരിയായിരുന്നുവെന്നും ഒരിക്കലെടുത്ത തീരുമാനം എപ്പോഴും തുടരണമെന്നില്ലെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.