ന്യൂഡൽഹി: ഇൻഡിഗോ വിമാനം പറക്കുന്നതിനിടെ കോക്പിറ്റിൽ വനിതാ ജീവനക്കാരിയെ പൈലറ്റ് ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് വനിതാ ജീവനക്കാരി ഡൽഹി പോലീസിൽ പരാതി നൽകി. കഴിഞ്ഞ 16 ന് ബംഗളൂരു-അമൃത്സർ-ശ്രീനഗർ-ഡൽഹി വിമാനത്തിലായിരുന്നു സംഭവം.
സഹപൈലറ്റ് വാഷ്റൂമിൽപോയ സമയമാണ് പൈലറ്റ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പൈലറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ചൂടുവെള്ളവുമായി കോക്പിറ്റിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. താൻ കോക്പിറ്റിലേക്ക് കയറിയപ്പോൾ സഹപൈലറ്റ് വാഷ് റൂമിലേക്കുപോയതായി യുവതി പറയുന്നു. ഒബ്സെർവർ സീറ്റിൽ താൻ ഇരുന്നപ്പോൾ ക്യാപ്റ്റൻ അടുത്തുവരികയും സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താൻ ഇത് നിഷേധിച്ചു. ഇതോടെ ക്യാപ്റ്റൻ സീറ്റിൽനിന്ന് എണീറ്റ് തന്റെ അടുത്തുവരികയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഉടൻ താൻ ഇവിടെനിന്നും പുറത്തുകടന്നതായും യുവതി പരാതിയിൽ പറഞ്ഞു. അമൃത്സറിൽ വിമാനം ഇറങ്ങിയപ്പോൾ പൈലറ്റ് അടുത്തുവരികയും ഫോൺനമ്പർ ആവശ്യപ്പെടുകയും ശല്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വിമാനം ഇറങ്ങിയ വിമാനത്താവളത്തിലെല്ലാം ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിൽ വിമാനം ഇറങ്ങിയപ്പോൾ ആലിംഗനം ചെയ്യാനും പൈലറ്റ് മുതിർന്നെന്ന് യുവതി പറയുന്നു. വിവരം സഹപ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.