ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരുമായി സൗഹൃദം പങ്കുവച്ചും സംവദിച്ചും പൈലറ്റ് ശരത് മാനുവൽ. സാധാരണ വിമാന യാത്രയ്ക്കിടെ കാബിൻ ക്രൂവിന്റെ നിർദേശങ്ങളാണ് കൂടുതലും കേൾക്കുന്നതെങ്കിൽ ഇവിടെ പുഞ്ചിരിതൂകി പച്ചമലയാളത്തിൽ കുശലം പറഞ്ഞ് പൈലറ്റ് അടുത്തെത്തിയപ്പോൾ യാത്രക്കാർക്ക് അതു വേറിട്ട അനുഭവമായി. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ വിമാനയാത്രക്കാർക്കിടയിൽ പൈലറ്റ് സ്റ്റാറായി മാറി.
തൊടുപുഴ സ്വദേശിയായ ശരത് മാനുവലാണ് അബുദാബിയിൽനിന്നു കൊച്ചിയിലേക്ക് പുറപ്പെടാൻ തയാറായ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് പുതുവിശേഷം സമ്മാനിച്ചത്. മലയാളി യാത്രക്കാരോട് രസകരമായി സംവദിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സഹപൈലറ്റും കാബിൻ ക്രൂവും ഉൾപ്പെടെ മുഴുവൻ പേരും മലയാളികളായെന്നതു മറ്റൊരു പ്രത്യേകതയായിരുന്നു. ഇൻഡിഗോ വിമാനസർവീസിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് അനൗണ്സ്മെന്റ് തുടങ്ങിയതുതന്നെ.
എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുന്നതെന്ന് ഓരോ യാത്രക്കാരനോടും ചോദിച്ച പൈലറ്റ് കൂടുതൽ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് സ്പെഷൽ ചായയും ഓഫർ ചെയ്തു. നാട്ടിലെത്തിയാൽ നിങ്ങൾ എന്തായിരിക്കും ആദ്യം ചെയ്യുകയെന്നതായിരുന്നു അടുത്ത ചോദ്യം. ഇത് അവരെ സ്വന്തംനാടിന്റെയും വീടിന്റെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളിലേക്ക് നയിച്ചു.
തുടർന്നു സുരക്ഷിത യാത്രയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകാനും പൈലറ്റ് മറന്നില്ല. ഇവിടെ നിന്നു നാട്ടിലേക്ക് 2,800 കിലോമീറ്റർ ദൂരമുണ്ട്. മൂന്നുമണിക്കൂർ 45 മിനിറ്റുകൊണ്ടാണ് സാധാരണ നാട്ടിലെത്തുന്നത്. നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ അതുചെയ്യാം. കുറച്ചുകൂടി നേരത്തേ എത്തിക്കാൻ ശ്രമിക്കാം. മധുരമൊഴിക്കിടെ പൈലറ്റ് പറഞ്ഞു.
നിങ്ങൾ ഒരുകാര്യം മറക്കരുത്, എല്ലാവരും സീറ്റ് ബെൽറ്റിടണം. പൈലറ്റിന്റെ ഈ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 2014-ൽ ഇന്ത്യൻ ഒഫീഷ്യൽ കൊമേഴ്സ്യൽ ഫ്ളൈറ്റ് ലൈസൻസ് നേടിയ ശരത് 2016-ലാണ് ഇൻഡിഗോയിൽ ജൂണിയർ ഫസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. തൊടുപുഴ വണ്ടമറ്റം പന്തയ്ക്കൽ മാനുവൽ ജോസഫ്-ലില്ലി ദന്പതികളുടെ മകനാണ്. സഹോദരൻ സേതുവും ഇൻഡിഗോയിൽ പൈലറ്റാണ്.