വിമാനത്തിൽ കയറുക എന്നത് പലരും മനസിൽ കൊണ്ട് നടക്കാറുള്ള ആഗ്രഹമാണ്. പണം കൂടുതലായതിനാൽ സാധാരണക്കാർക്ക് അതിൽ കയറുക എന്നത് നന്നേ പ്രയാസമാണ്. അതുകൊണ്ട് തന്നെ നടക്കാൻ സാധിക്കാത്ത സ്വപ്നമായി ഇന്നും മനസിന്റെ ഒരു കോണിൽ ആ ആഗ്രഹം ഒളിപ്പിച്ചു വയ്ക്കുന്നവരാണധികവും. എന്നാൽ ഇത്രയും പണം ചെലവാക്കി വിമാന യാത്ര ചെയ്യുന്പോൾ ഇരിക്കാനുള്ള ഇരിപ്പിടം നല്ലതല്ലങ്കിൽ എന്താകും അവസ്ഥ. ആലോചിച്ച് നോക്കിയിട്ടുണ്ടോ?
അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിൽ. യവനിക യാഷ് രാജ് എന്ന യുവതിയാണ് ഇത്തരത്തിലൊരു ദുരവസ്ഥ നേരിട്ടത്. ബംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ തേടി അപ്രതീക്ഷിത സംഭവമെത്തിയത്. ഇതിനെക്കുറിച്ച് യവനിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
ബംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുകയുണ്ടായി. എന്നാല്‍ ഈ വിമാനത്തിലെ ചില സീറ്റുകളില്‍ കുഷ്യന് ഇല്ലായിരുന്നു. സുരക്ഷിതമായി ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! എന്ന അടിക്കുറിപ്പോടെയാണ് യവനിക ഈ ചിത്രം പങ്കുവച്ചത്.
അടുത്ത നിമിഷം തന്നെ യുവതിയുടെ പോസ്റ്റ് വൈറലായി . നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ പ്രത്യേക സീറ്റുകള്‍ക്കായി ഇന്‍ഡിഗോ നിങ്ങളില്‍ നിന്ന് എത്ര രൂപ അധികമായി ഈടാക്കി?’ എന്നാണൊരാള്‍ എഴുതി.
ഇതിനെതിരേ പ്രതികരണവുമായി ഇൻഡിഗോ രംഗത്തെത്തി. ‘സംഭവം തെറ്റിധാരണയാണെന്നും ശുചീകരണ ആവശ്യങ്ങള്‍ക്കായി വിമാനത്തിലെ സീറ്റ് തലയണകള്‍ മാറ്റാറുണ്ടെന്നും അവര്‍ പറഞ്ഞു. യാത്രാവേളയില്‍ ആവശ്യാനുസരണം വൃത്തിയാക്കുന്നതിനുള്ള ഒരു സാധാരണ രീതിയാണിത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശുചിത്വത്തിന്റെയും ശുചിത്വത്തിന്റെയും ഉയര്‍ന്ന നിലവാരം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും’ അവര്‍ പറഞ്ഞു.