സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇ.പി.ജയരാജനോട് കളിച്ച ഇന്‍ഡിഗോ വിമാന കമ്പനിയെ പൂട്ടാനുറച്ച് സര്‍ക്കാര്‍.
വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു.
നികുതി അടയയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് വേണ്ട.
എന്നാല്‍ ഇപ്പോള്‍ പിടികൂടിയ ബസ് നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും.
ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്.
കോഴിക്കോട് ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.
എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.
42,000 രൂപയാണ് കമ്പനി നികുതിയായി അടയ്ക്കാനുള്ളത്. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തികഴിഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ വിമാനത്താവളത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അതിനെ തടഞ്ഞ സംഭവവുമാണ് ഇപിയെ ഇന്‍ഡിഗോ വിമാനത്തിലെ യാത്രാവിലക്കിലേക്ക് നയിച്ചത്.
ഇത് വലിയ രാഷ്ട്രീയ വിവാദമായി. യാത്രാവിലക്ക് നേരിട്ടതോടെ ഇനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യില്ലെന്ന് ഇപി വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോയ്ക്കു തന്നെയാണ് നഷ്ടമെന്നും ഇപി പറഞ്ഞിരുന്നു.
തുടര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് ബസ് മേട്ടോര്‍ വാഹന വകുപ്പ് പൊക്കിയത്. എന്നാല്‍ ഇത് പരിശോധനക്കിടെയുണ്ടായ സാധാരണ സംഭവമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.