കോളങ്ങാട്ടുകര: യൗവനകാലത്തെ സ്വാതന്ത്ര്യസമര ചിന്തകളുടെ ചോർന്നുപോകാത്ത ആവേശവുമായി 91 കാരി ത്രേസ്യ അമ്മൂമ്മ ദേശീയ പതാക ഉയർത്തി. മഹാത്മാ ഗാന്ധിജിക്കു ജയ് വിളിച്ചതും സമൂഹത്തോടുചേർന്ന് ദേശീയ ഗാനം ആലപിച്ചതും കാണികളിൽ അദ്ഭുതം ഉണർത്തി.
നവതി കഴിഞ്ഞിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് നീലങ്കാവിൽ അന്തോണി ഭാര്യ ത്രേസ്യ കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പതാക വന്ദന ചടങ്ങിൽ മുഖ്യാതിഥിയായതും പതാക ഉയർത്തിയതും. “എല്ലാവർക്കും നന്മ വരട്ടെ” എന്ന് ഒറ്റവാക്യത്തിൽ അമ്മൂമ്മ സ്വാതന്ത്ര്യദിന സന്ദേശം ചുരുക്കി. ഇളം തലമുറക്കാർ സമ്മാനിച്ച മധുരം നുണഞ്ഞ് കാണികൾക്കു ദേശസ്നേഹ സന്ദേശം പകർന്ന് അമ്മൂമ്മ സ്വാതന്ത്ര്യദിനത്തിലെ താരമായി.
പത്തു മാസം പ്രായമുള്ള ജുവൽ അനൂപ് പിതാവിന്റെ കൈത്തണ്ടയിൽ ഇരുന്ന് പതാക ഉയർത്താൻ ത്രേസ്യാ അമ്മൂമ്മയെ സഹായിച്ചതും കൗതുകമായി. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. ട്രസ്റ്റിമാരായ എൻ.എൽ. അന്തോണി, ഡെന്നി ലോറൻസ്, അനൂപ് ദേവസി, ഇ.ആർ. പീയുസ് എന്നിവർ നേതൃത്വം നൽകി.