തമിഴ്‌നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി തുടങ്ങിവച്ചതാണ് അമ്മ കാന്റീന്‍. അത്തരത്തില്‍ കര്‍ണാടകയില്‍ തുടക്കമിട്ട ഒന്നാണ് ഇന്ദിര കാന്റീന്‍. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുക എന്നതാണ് ഇതിന്റെ പിന്നിലെയും ലക്ഷ്യം. 100 കോടി രൂപയാണ് ഈ സംവിധാനത്തിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ മാറ്റി വെച്ചത്. 198 ഇന്ദിരാ കാന്റീനുകളാണ് ആരംഭിച്ചത്. തുടങ്ങിയ സമയത്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും ഉത്തരവാദിത്വത്തോടും വൃത്തിവെടിപ്പോടും കൂടിയുള്ള കാന്റീനുകളുടെ പ്രവര്‍ത്തനം കണ്ടുകഴിഞ്ഞപ്പോള്‍ ആളുകളുടെ വായ അടഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പാരമ്പര്യമായി നടത്തി വന്നിരുന്ന കാറ്ററിംഗ് വ്യവസായം നിര്‍ത്തിയാണ് ബംഗളൂരുവില്‍ ഇന്ദിരാ കാന്റീന്റെ പ്രവര്‍ത്തനങ്ങളില്‍ എം എന്‍ ശ്രീകാന്ത് എന്ന വ്യക്തി പങ്കാളിയാവുന്നത്. കുന്ദാപുരയില്‍ നിന്നുള്ള ശ്രീകാന്ത് അടക്കം ആറ് മുതിര്‍ന്ന പാചകക്കാരാണ് കാന്റീന്‍ സംവിധാനത്തിനുള്ളത്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി 151 ഇന്ദിരാ കാന്റീനുകളാണ് ഉള്ളത്. ഇരുപത് പേരടങ്ങുന്ന ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ മൂന്ന് മണിക്ക് അടുക്കളയില്‍ പ്രവര്‍ത്തനം തുടങ്ങും. തയ്യാറാക്കിയ ഭക്ഷണം വൃത്തിയായി പാക്ക് ചെയ്ത് കണ്ടെയ്നറുകളില്‍ കാന്റീനുകളില്‍ രാവിലെ 7.30ന് മുമ്പെത്തിക്കും. പ്രഭാത ഭക്ഷണം നല്‍കി കഴിഞ്ഞാല്‍ ശുചീകരണത്തിന് ശേഷം ഉച്ചഭക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിക്കും.
ഉച്ചക്ക് ശേഷം അല്‍പം വിശ്രമം. പിന്നീട് രാത്രി ഭക്ഷണത്തിന് വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കും. ബംഗളൂരു നഗരപാലിക നിയമിച്ച ഒരു നോഡല്‍ ഓഫീസറുടെ കീഴിലാണ് കാന്റീന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഇദ്ദേഹം ഭക്ഷണം പരിശോധിച്ച് മാത്രമേ ഭക്ഷണം പുറത്തേക്ക് വിടു. അടുക്കളകളിലും കാന്റീനുകളിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ തന്നെ എസ്പി റോഡിലും ഇതേ പ്രവര്‍ത്തനം തന്നെ ഒരേ സമയം നടക്കുന്നുണ്ട്. 22 കാന്റീനുകളാണ് കിഴക്കന്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഇന്ദിരാ കാന്റീനുകളിലും 400 മുതല്‍ 600 വരെ പ്രഭാത ഭക്ഷണമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത്രയും തന്നെ വരും ഉച്ചക്കും. 500 നടുത്താണ് അത്താഴ ഭക്ഷണം നല്‍കുന്നത്.
എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചുകഴിഞ്ഞു. മൂന്ന് ദിവസങ്ങള്‍ കൂടുമ്പോള്‍ വേണ്ട സാധനങ്ങളുടെ കണക്കെടുക്കും. പച്ചക്കറികള്‍ രാത്രിക്ക് മുമ്പേ വാങ്ങുകയും കോള്‍ഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിക്കുകയും ചെയ്യും. വിമുക്ത ഭടന്മാരെയാണ് കാന്റീന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിച്ചിട്ടുള്ളത്. കാലത്ത് 5.30 മുതല്‍ ഇവരുടെ ജോലി ആരംഭിക്കും. തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭാരവും കൃത്യമായി അളക്കുന്ന സംവിധാനങ്ങള്‍ വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിശോധനക്ക് വേണ്ടി 27 ഓഫീസര്‍മാരുണ്ട്. ഗുണനിലവാരത്തിലും വസ്തുക്കളുടെ വിതരണരീതിയിലും കൃത്രിമം കാട്ടാത്തതാണ് ഇന്ദിര കാന്റീനിന്റെ വിജയം എന്നാണ് വിലയിരുത്തപ്പെടുന്നത്.