നിര്ഭയക്കേസില് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്ക്കും നിര്ഭയയുടെ അമ്മ മാപ്പ് നല്കണമെന്ന ആവശ്യവുമായി മുതിര്ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ഇതിനെതിരേ കടുത്ത ഭാഷയിലാണു നിര്ഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിര്ഭയ കേസില് നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന് പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ വിവാദം.
‘നിര്ഭയയുടെ അമ്മയുടെ വേദന ഞാന് മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസില് നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യര്ഥിക്കുകയാണ്. ഞങ്ങള് നിങ്ങളോടൊപ്പമാണ്. എന്നാല് വധശിക്ഷയ്ക്ക് എതിരുമാണ്’ ഇന്ദിര ട്വിറ്ററില് കുറിച്ചു. ജനുവരി22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില് നിരാശ പ്രകടിപ്പിച്ചുള്ള നിര്ഭയയുടെ അമ്മയുടെ വാര്ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്.
‘ആരാണ് ഇന്ദിര ജയ്സിംഗ്? ഇത്തരമൊരു നിര്ദേശം പറയാന് ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവര് ഉള്ളതിനാലാണു പീഡനത്തിന് ഇരയായവര്ക്കു നീതി കിട്ടാത്തത്. പ്രതികള്ക്കു വധശിക്ഷ ലഭിക്കണമെന്ന് രാജ്യം മുഴുവന് ആവശ്യപ്പെടുന്നു. സുപ്രീംകോടതിയില് പല തവണയായി ഇന്ദിര ജയ്സിംഗിനെ കണ്ടിട്ടുണ്ട്. എന്നാല് ഒരിക്കല്പ്പോലും തന്റെ ക്ഷേമം അന്വേഷിച്ചിട്ടില്ല. ഇന്നവര് പ്രതികള്ക്കു വേണ്ടി സംസാരിക്കുന്നു. പീഡകരെ പിന്തുണച്ചാണ് ഇത്തരക്കാര് ജീവിതമാര്ഗം കണ്ടെത്തുന്നത്.’ ഇങ്ങനെയായിരുന്നു നിര്ഭയയുടെ അമ്മയുടെ പ്രതികരണമെന്ന് എന്ഐഎ റിപ്പോര്ട്ട് ചെയ്യുന്നു.
പ്രതികളിലൊരാളായ മുകേഷ് കുമാറിന്റെ (32) ദയാഹര്ജി ഇന്നലെ ആഭ്യന്തര വകുപ്പില്നിന്നു ലഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്ജി തള്ളി 14 ദിവസത്തിനു ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമാണു ഫെബ്രുവരി ഒന്ന് എന്ന പുതിയ തീയതി നിശ്ചയിച്ചത്. കേസിലെ മറ്റു മൂന്നു പ്രതികളായ വിനയ് ശര്മ (26), പവന് ഗുപ്ത (25), അക്ഷയ്കുമാര് സിങ് (31) എന്നിവര് ദയാഹര്ജി നല്കിയാല് തീയതി വീണ്ടും മാറാം. ശിക്ഷ പരമാവധി വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പലപ്പോഴായി ദയാഹര്ജി നല്കാനുള്ള സാധ്യതയുണ്ടെന്നും നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഇന്ദിര ജയ്സിംഗിന്റെ ആവശ്യം ഇതിനോടകം ചര്ച്ചയായിക്കഴിഞ്ഞു.