കായംകുളം: ഇന്ന് സൈബർ ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം കത്തിജ്വലിക്കുന്പോൾ പഴയകാലത്തെ തെരഞ്ഞെടുപ്പ് പോരാട്ടം പ്രകടമായിരുന്നത് ചുവരെഴുത്തുകളിലായിരുന്നു. അത്തരത്തിൽ 45 വർഷം പഴക്കമുള്ള കാലം മായ്ക്കാത്ത ഒരു ചുവരെഴുത്ത് ഇന്നും പഴയകാല തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഓർമപ്പെടുത്തി ഇവിടെ അവശേഷിക്കുന്നുണ്ട്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വള്ളികുന്നം ചൂനാട് ചന്തമുക്കിലെ മാരൂർ കെട്ടിടത്തിനു മുകളിലാണ് 45 വർഷം മുന്‍പെഴുതിയ ചുവരെഴുത്ത് കാലം മായ്ക്കാതെ ഇന്നും തെരഞ്ഞെടുപ്പിന് ആവേശം പകരുന്നത്.
ചുവരെഴുത്തിന് തിളക്കം കുറവാണെങ്കിലും നാട്ടുകാരുടെ മനസിൽ പക്ഷെ ഈ ചുവരെഴുത്ത് കാണുന്പോൾ ഇന്നും പഴയ ആവേശം ജ്വലിക്കും. മുന്നണി സമവാക്യങ്ങൾ മാറി ജയ പരാജയങ്ങൾ പുതിയ തലങ്ങളിൽ എത്തിയിട്ടും ഈ ചുവരെഴുത്ത് മാത്രം മാറ്റമില്ലാതെ നിലനിൽക്കുന്നു. ഒരു കാലഘട്ടത്തിലെ അനിവാര്യമായ രാഷ്ട്രീയ നിലപാടിന്റെ നേർകാഴ്ച കൂടിയാണ് ഈ ചുവരെഴുത്ത്. ഇന്ദിര കോണ്‍ഗ്രസ് നേതൃത്വം നൽകിയ മുന്നണിയിലെ എൻഡിപി സ്ഥാനാർഥിയായിരുന്ന തേവള്ളി മാധവൻ പിള്ളയ്ക്കുവേണ്ടി വോട്ടഭ്യർഥിച്ചുള്ളതായിരുന്നു ഈ ചുവരെഴുത്ത്.
അന്ന് ഇടതുസഖ്യത്തിൽ ആന്റണി പക്ഷത്തു നിന്നും മത്സരിച്ച പ്രഫ. പി.ജെ. കുര്യനായിരുന്നു എതിർ സ്ഥാനാർഥി. 1980 -ലെ നിർണായക രാഷ്ട്രീയ നിലപാടാണ് ചുവരെഴുത്തിൽ നൽകിയിട്ടുള്ളത് വാചകം ഇങ്ങനെ: “80 ൽ ഇന്ദിര ഇന്ത്യ ഭരിക്കും അതുകണ്ട് എം എൻ. പിന്നെയും വാലാട്ടും ആന്റണി അതുകണ്ട് തൂങ്ങി മരിക്കും.
നന്പൂതിരി ഞെട്ടിവിറയ്ക്കും ഇന്ദിരയെ വിളിയ്ക്കൂ .. ഇന്ത്യയെ രക്ഷിക്കൂ ..” എന്ന ആവേശം പകരുന്ന വാക്കുകളാണ് ചുവരെഴുത്തിൽ മായാതെ നില്‍ക്കുന്നത്. തേവള്ളിക്ക് ആന ചിഹ്നത്തിൽ വോട്ട് അഭ്യർഥിക്കുന്നതോടോപ്പം പ്രഫ. പി.ജെ. കുര്യനെ കെട്ടുകെട്ടിക്കണമെന്നും ആഹ്വാനമുണ്ട്. ഇടത് തട്ടിപ്പ് വെട്ടിപ്പ് കറക്കു കന്പനിയെ അന്പേ പരാജയപ്പെടുത്തുക എന്നുമാണ് കാലം മായ്ക്കാത്ത ഈ ചുവരെഴുത്തിലുള്ളത്.
തെരഞ്ഞെടുപ്പിൽ പക്ഷെ ഫലം വിപരീതമായിരുന്നു തേവള്ളി മാധവനെ പ്രഫ. പി.ജെ. കുര്യൻ പരാജയപ്പെടുത്തി. കാലംപിന്നിട്ടപ്പോൾ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും എൻഡിപി അപ്രത്യക്ഷമാകുകയും ചെയ്തു. മുദ്രാവാക്യത്തിൽ പരാമർശിക്കുന്ന ഇഎംഎസും, എം.എൻ. ഗോവിന്ദൻ നായരും എൻഡിപി സ്ഥാനാർഥിയായിരുന്ന തേവള്ളി മാധവൻ പിള്ളയും ഓർമയായി. അന്ന് ഇടതുസഖ്യത്തിനൊപ്പം നിന്ന എ.കെ. ആന്റണി കോണ്‍ഗ്രസിൽ മടങ്ങിയെത്തി ദേശീയ നേതൃനിരയിൽ എത്തുകയും ചെയ്തു.
തേവള്ളിയെ നേരിട്ട പ്രഫ. പി.ജെ. കുര്യനും ദേശീയ നേതാവായി രാജ്യസഭാ ഉപാധ്യക്ഷൻ വരെയായി. രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യങ്ങൾ മാറി പുതിയ സമവാക്യസഖ്യങ്ങളും രൂപപ്പെട്ട് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാട് മാറിയിട്ടും പക്ഷെ ചരിത്രത്തിന്റെ തിരുശേഷിപ്പായി മാറിയ ഈ തെരഞ്ഞെടുപ്പ് ചുവരെഴുത്ത് മാത്രം മായാതെ ഇന്നും നിലനിൽക്കുകയാണ്.