എം ജെ ശ്രീജിത്ത്
തിരുവനന്തപുരം : കേന്ദ്രത്തിൽ വലിയ വിജയം നേടിയ ബിജെപിക്കും കേരളം തൂത്തുവാരിയ യുഡിഎഫിനും സംസ്ഥാനത്ത് സന്തോഷിക്കാനാവാത്ത അവസ്ഥ. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയാകട്ടെ പരാജയം ഏറ്റുവാങ്ങിയ ഞെട്ടലിലാണ്. കേരളത്തിൽ 19 സീറ്റുമായി ചരിത്ര വിജയം നേടിയിട്ടും കേന്ദ്രത്തിൽ ഭരണം കിട്ടാത്തതും അമേഠിയിലെ രാഹുലിന്റെ തോൽവിയും കോൺഗ്രസിന്റെ ആവേശത്തിന് മങ്ങലേൽപ്പിച്ചു.
മരണ വീടുപോലെ ശോകമൂകമാണ് സിപിഎം കേന്ദ്രങ്ങൾ. ആവേശം ആലപ്പുഴയിൽ ഒതുങ്ങിയപ്പോൾ നേതാക്കളോ പ്രവർത്തകരോ പാർട്ടി ഓഫീസുകളിലോ കവലകളിലോ എത്താതെ വീടുകളിൽത്തന്നെ ചടഞ്ഞു കൂടിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ നിമിഷങ്ങളിലെ സന്തോഷം ഒഴിച്ച് ഒരിക്കൽ പോലും സിപിഎം നേതാക്കൾക്കോ പ്രവർത്തകർക്കോ ആഘോഷിക്കാൻ അവസരം കിട്ടിയില്ല.
പിന്നീട് ശോകമുകമായ അന്തരീക്ഷത്തിലായി കാര്യങ്ങൾ. പരാജയത്തിന്റെ ഭാരം കൂടുന്തോറും നിരാശയുടെ പടുകുഴിയിലേക്ക് പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പടെ മാറി. ആളും ആരവവും ഒഴിഞ്ഞ് തോൽവി ഉൾക്കൊള്ളനാകാതെ നേതാക്കൾ ആസ്ഥാനം വിട്ടു. 19 സീറ്റുകൾ നേടി വലിയ വിജയം നേടിയ കോൺഗ്രസ് നേതാക്കൾ ആവേശം അണപൊട്ടാതെ പിടിച്ചു നിന്നു.
ഏറെ പ്രതീക്ഷിച്ച ഭരണം കിട്ടാതെ പോയതും രാഹുലിന്റെ അമേഠിയിലെ വന്പൻ തോൽവിയും നേതാക്കളുടേയും പ്രവർത്തകരുടേയും മുഖത്തെ ചോര വാർത്തിക്കളഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കേണ്ട അവസ്ഥയിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിരാശയുടെ നെടുവീർപ്പുകൾ ഉയർന്നു കൊണ്ടിരുന്നു. കേരളത്തിലും പഞ്ചാബിലും പിടിച്ചു നിന്നതൊഴിച്ചാൽ ബാക്കിയിടത്തെല്ലാം പൊട്ടിപ്പാളീസായിപ്പോയതിന്റെ അലയൊലികൾ ഇന്ദിരാഭവനിലും പ്രതിഫലിച്ചു.
തിളക്കമാർന്ന വിജയവുമായി രണ്ടാം തവണ രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടും കേരളത്തിൽ താമര വിരിയിക്കാൻ കഴിയാത്തതിന്റെ കടുത്ത നിരാശയിലായിരുന്ന ബിജെപി നേതാക്കളും പ്രവർത്തകരും. വലിയ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പാലക്കാട്ടും വിജയത്തിന്റെ തൊട്ടടുത്ത് പോലും എത്താനാകാത്തതിന്റെ നിരാശയിൽ പ്രവർത്തകർ ആഹ്ളാദ പ്രകടനങ്ങളിൽ നിന്ന് വിട്ടു നിന്നു.
രാജ്യം മോദി തരംഗത്തിൽ പ്രകന്പനം കൊണ്ടപ്പോൾ തണ്ടൊടിഞ്ഞ അവസ്ഥയിലായിരുന്നു മാരാർജി ഭവൻ. എവിടെ ജയിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു ബി.ജെപി. എന്നാൽ നേമം നിയോജക മണ്ഡലത്തിലൊഴിച്ച് ഒരിടത്തുപോലും കുമ്മനത്തിന് മുന്നിലെത്താനാകാത്തതിൽ കടുത്ത നിരാശയിലാണ് പ്രവർത്തകർ.
കേരളത്തിൽ ബിജെപി ഏറ്റവും അധികം ശ്രദ്ധപതിപ്പിച്ചതും പ്രചരണം കൊഴുപ്പിച്ചതും തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. മിസോറാം ഗവർണറായിരുന്ന കുമ്മനത്തിനെ രാജിവയ്പ്പിച്ച് തിരുവനന്തപുരത്ത് മത്സരപ്പിച്ചതു തന്നെ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമായിരുന്നു. എന്നാൽ കടുത്ത വെല്ലുവിളി പോലും ഉയർത്താനാകാതെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന്റെ തലയിലേക്ക് വന്നു വീണിരിക്കുകയാണ്. പാർട്ടിയിലെ വിഭാഗീയതയും തമ്മിൽത്തല്ലുമാണ് പരാജയ കാരണമായി ഉയർന്നു വന്നിരിക്കുന്നത്.
രാജ്യത്ത് ബിജെപി പ്രവർത്തകർ ആഘോഷ തിമിർപ്പിൽ ആറാടുന്പോൾ നെടുവീർപ്പെട്ട് പരാജയത്തിന്റെ കണക്കെടുപ്പുമായി മാരാർജി ഭവനിൽ നേതാക്കൾ മുഖത്തോട് മുഖം നോക്കിയിരിക്കുകയായിരുന്നു. ഒരാളെയെങ്കിലും ജയിപ്പിക്കാനാകാത്തതിൽ വിജയത്തിലും കേന്ദ്രം നേതൃത്വത്തിനും വിഷമമുണ്ട്. കേരളം അടുത്ത തവണ പിടിക്കാമെന്ന അവകാശവാദത്തിലൊതുക്കി ആശ്വസിക്കുകയാണിവർ.പരാജയത്തിൽ ആർഎസ്എസ് നേതൃത്വത്തിലും അസ്വസ്ഥത ഉയരുന്നുണ്ട്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ആർഎസ്എസ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് ചുക്കാൻ പിടിച്ചത്. ഇത്തവണ നേടുമെന്ന ഉറപ്പ് സംസ്ഥാന നേതാക്കൾ കേന്ദ്രത്തിന് കൈമാറിയിരുന്നു. ചുരുക്കത്തിൽ കേന്ദ്രത്തിലെ വിജയം ആഘോഷിക്കാൻ നൽകിയ ലഡുവിൽ മധുരത്തോടൊപ്പം കയ്പും കലർന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ അമിതാവേശത്തിൽ അക്രമസംഭവങ്ങളൊന്നുമില്ലാതെ ഇന്നലത്തെ രാവ് കെട്ടടങ്ങി. ഇന്നു നേരം പുലർന്നത് കണക്കെടുപ്പിന്റേയും പതംപറച്ചിലിന്റേയും നെടുവീർപ്പിന്റേയും ദിവസമായിട്ടാണ്.