കല്പ്പറ്റ: കണ്ണീരൊഴുകുന്ന ദുരന്തഭൂമിയില് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള് കനത്ത സുരക്ഷാ വലയത്തിലാണ് വയനാട്. ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്ശനം പ്രമാണിച്ച് സുരക്ഷാ പ്രശ്നങ്ങള് കാരണം ദുരന്തമേഖലയിലെ ഇന്നത്തെ തെരച്ചില് നിര്ത്തിവച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ടു കണ്ട് മനസിലാക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്ക്കുന്ന മേഖലയായതിനാലാണ് സുരക്ഷയുടെ മതില് തീര്ത്തിരിക്കുന്നത്. തണ്ടര്ബോള്ട്ടും രംഗത്തുണ്ട്.
മാവോയിസ്റ്റുകള്ക്കുസ്വാധീനമുള്ള മേഖലയാണ് ചുരല്മലയടക്കമുള്ള പ്രദേശങ്ങള്.ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1980ല് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില് പ്രസംഗിക്കുന്നതിനാണ് ഇന്ദിരാഗാന്ധി ബത്തേരിയില് എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് കല്പ്പറ്റയിലും മേപ്പാടിയിലും ഉരുള്പൊട്ടല് ദുരന്തം വിതച്ച പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയത്. ഉരുള്പൊട്ടലില് കാണാതായവര്ക്കായുള്ള തെരച്ചില് ഇന്ന് നടത്തിയില്ല.
കല്പ്പറ്റ, മേപ്പാടി ടൗണുകളില് വാഹന പാര്ക്കിംഗിംഗിനു വിലക്കേര്പ്പെടുത്തിയിരുന്നു. ഈ ടൗണുകളില് അത്യാവശ്യ കാര്യങ്ങള്ക്കുള്ള വാഹനങ്ങള്ക്കുമാത്രമാണ് രാവിലെ 10 മുതല് പ്രവേശനം അനുവദിച്ചത്.പ്രധാനമന്ത്രി സന്ദര്ശിക്കുന്ന ഡോ. മൂപ്പന്സ് മെഡിക്കല് കോളജ് ആശുപത്രിയും ദുരിതാശ്വാസ ക്യാന്പും കനത്ത സുരക്ഷയിലാണ്.
കോഴിക്കോട് ഭാഗത്തുനിന്നു വയനാട്ടിലേക്കും തിരിച്ചുമുള്ള ബസ് ഉള്പ്പെടെ വാഹനങ്ങള് കല്പ്പറ്റ നഗരം ഒഴിവാക്കിയാണ് ഓടുന്നത്.വടുവന്ചാലില്നിന്നു മേപ്പാടി വഴി കല്പ്പറ്റയ്ക്കും തിരിച്ചും നേരിട്ട് വാഹന ഗതാഗതത്തിനു അനുമതി ഇല്ല. പോലീസ് ഇന്നലെ കല്പ്പറ്റയില് ഉള്പ്പെടെ വാഹനങ്ങളുടെ ട്രയല് ഓട്ടം നടത്തിയിരുന്നു.