നിലന്പൂർ: നിലന്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ(ഐജിഎംഎംആർഎസ്) സതീഷ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ കളക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴി നൽകാൻ ആരും എത്തിയില്ല. 21, 27 തീയതികളിൽ നിലന്പൂർ ഐടിഡിപി.ഓഫീസിൽവച്ചാണ് പരാതിക്കാർക്ക് മൊഴി നൽകാനും തെളിവുകൾ നൽകാനും അന്വേഷണത്തിന്റെ ഭാഗമായി അവസരം നൽകിയിരുന്നത്.
ഇതിനായി സബ് കളക്ടർ വികൽപ്പ് ഭരദ്വാജ് രാവിലെ നിലന്പൂർ ഐടിഡിപി ഓഫീസിൽ എത്തുകയും ചെയ്തു. എന്നാൽ പരാതിക്കാരാരും എത്തിയില്ല. അടുത്ത ഒരു സിറ്റിംഗ് കൂടി നടത്തും. 27ന് സ്കൂളിൽ വച്ചായിരിക്കും മൊഴിയെടുക്കൽ.
കഴിഞ്ഞ മാസം 17നാണ് അപ്പൻകാപ്പ് കോളനിയിലെ സതീഷ് എന്ന വിദ്യാർഥി സ്കൂളിൽ നിന്നുള്ള വിനോദ യാത്ര കഴിഞ്ഞ് അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചത്. വിനോദ യാത്രപോയ സമയത്തും കുട്ടിക്ക് പനി വന്നിരുന്നു. കൂടെയുണ്ടായിരുന്ന അധ്യാപകർ ഇതിനെ തുടർന്ന് മൈസൂരുവിലെ ആശുപത്രിയിൽ കാണിച്ച് മരുന്നും നൽകിയിയരുന്നു.
സ്കൂളിലെത്തി അടുത്ത ദിവസം പനി കൂടിയതിനാൽ നിലന്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കാണിച്ചെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധപ്പെട്ട അധ്യാപകരെ ജോലിയിൽ നിന്ന് മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളടക്കമുള്ളവർ കോളനിയിൽ നിന്നെത്തി സ്കൂളിലും ഐടിഡിപിയിലും സമരങ്ങൾ നടത്തിയിരുന്നു. രോഗവിവരം രക്ഷിതാക്കളെ സമയത്ത് അറിയിച്ചില്ലെന്നും മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിച്ചായിരുന്നു സമരങ്ങൾ.