ന്യൂഡൽഹി: അരനൂറ്റാണ്ടിലേക്കു കടക്കുന്ന ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ ഓർത്തെടുത്ത് രാജ്യം. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ഇരുട്ടിലാഴ്ത്തി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂൺ 25നായിരുന്നു.
അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്നുള്ള ഇന്ദിരയുടെ വിജയം റദ്ദാക്കി 1975 ജൂൺ 12നു ജസ്റ്റീസ് ജഗ്മോഹൻലാൽ സിൻഹ പുറപ്പെടുവിച്ച വിധിയെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.
പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ആയിരക്കണക്കിനുപേർ വിചാരണ കൂടാതെ ജയിലലടയ്ക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തി. 1977 മാർച്ച് 23നാണ് അടിയന്തരാവസ്ഥ അവസാനിച്ചത്.