സ്വന്തം ലേഖകൻ
തൃശൂർ: അവിചാരിതമായി കാമറയിൽ പതിഞ്ഞ പേടിപ്പെടുത്തുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വൈറലായി പടരുന്പോൾ ഷെയർ ചെയ്യുന്ന ഓരോരുത്തരും അടിക്കുറിപ്പായി പറയുന്നു: റോഡ് മുറിച്ചു കടക്കുന്പോൾ സൂക്ഷിക്കുക.
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ഇക്കഴിഞ്ഞ 14 നാണ് ഈ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മഞ്ഞപ്ര തെക്കിങ്കൽ വീട്ടിൽ പരേതനായ എ.വി. ചന്ദ്രന്റെ മകൾ ഇന്ദിരപുത്രി (18) തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്. അരയ്ക്ക് കീഴ്പ്പോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സഹോദരന്റെ കൂട്ടുകാരിയുടെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തിൽ പെട്ടത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ഇന്ദിരപുത്രിയെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിനുമുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒാവർടേക്ക് ചെയ്തുവന്ന പിക്കപ്പാണ് ഇടിക്കുന്നത്. പിക്കപ്പ് ഡ്രൈവറാണ് ഇന്ദിരപുത്രിയെ ആശുപത്രിയിലെത്തിച്ചത്.
ഒരു നിമിഷത്തെ അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങൾ കാണുന്പോൾ മനസിലാകും. ആരുടേയും മനസ് പിടയ്ക്കുന്ന ഈ ദൃശ്യങ്ങൾ, “സൂക്ഷിക്കുക, റോഡ് മുറിച്ചു കടക്കുന്പോൾ’ എന്ന മുന്നറിയിപ്പോടെ ആളുകൾ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്നത് ഈ ദുരവസ്ഥ ഇനിയാർക്കും വരരുത് എന്ന ചിന്തയോടെയാണ്.
ഏറ്റവും മികച്ച ചികിത്സയാണ് ഇന്ദിരപുത്രിക്ക് നൽകുന്നതെന്നും അവരുടെ കുടുംബത്തിന്റെ സാന്പത്തിക അവസ്ഥ പരിഗണിച്ച് പരമാവധി ഇളവുകൾ നൽകിയാണ് ചികിത്സിക്കുന്നതെന്നും അശ്വനി ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ വിദഗ്ധചികിത്സയ്ക്കും തുടർചികിത്സയ്ക്കും മരുന്നുകൾക്കുമൊക്കെയായി വൻതുക ഇനിയും ചെലവുവരും. പണമില്ലാതെ ആ കുടുംബം ക്ളേശിക്കുകയാണ്. ആരോഗ്യം വീണ്ടെടുക്കാൻ ഇന്ദിരപുത്രിക്കും കുടുംബത്തിനും സുമനസുകളുടെ സഹായം കൂടിയേ തീരൂ.
സാന്പത്തികമായി വളരെയധികം കഷ്ടപ്പാടിലാണ് ഈ കുടുംബം. പിതാവെടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജപ്തി ഭീഷണിയിലാണ്. ജപ്തി നോട്ടീസ് കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്നും ലഭിച്ചത്. സുഖമില്ലാത്ത അമ്മയും സഹോദരൻ ഉത്തമനുമാണ് ഇന്ദിരപുത്രിക്കരികിലുള്ളത്. കൂട്ടുകാരും മറ്റുമാണ് ഇപ്പോൾ ഇവരെ സാന്പത്തികമായി സഹായിക്കുന്നത്.
സഹോദരനും 23 കാരനുമായ ഉത്തമൻ സോമില്ലിൽ ജോലി ചെയ്യുന്നതിനിടെ കൈയിൽ വാൾ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന്റെ ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി. അതിനിടെയാണ് സഹോദരിക്ക് അപകടത്തിൽ പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇന്ദിരപുത്രിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അവർ കൈയൊഴിഞ്ഞതോടെയാണ് അശ്വനി ആശുപത്രിയിലെത്തിച്ചത്.
ആലത്തൂർ കോഓപ്പറേറ്റീവ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് ഇന്ദിരപുത്രി. കേരളത്തിന്റെ നിരത്തുകളിൽ ദിവസേന സംഭവിക്കുന്ന എത്രയോ അപകടങ്ങളിൽ ഒന്നുമാത്രമാണ് ഇന്ദിരപുത്രിയുടെ ദുരന്തം. തിക്കും തിരക്കും ഏറെയുണ്ടെങ്കിലും ധൃതിപിടിച്ച് റോഡ് മുറിച്ചു കടക്കുന്പോൾ ഒരു നിമിഷം ഈ അപകടദൃശ്യം ഓർക്കുക, സൂക്ഷിച്ച് റോഡ് മുറിച്ചു കടക്കുക.